അക്സർ പട്ടേലിന് ഒട്ടും താൽപ്പര്യമില്ല, വിട്ടുകളയാൻ ടീമിനും! ഡൽഹി ക്യാപിറ്റൽസിന് പുതിയ ക്യാപ്റ്റൻ വന്നേക്കും
Axar Patel may step down as Delhi captain: ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2027 ലേലം അടുത്തെത്തിയതോടെ, ഫ്രാഞ്ചൈസികൾ തങ്ങൾ നിലനിർത്തുന്ന (retention) താരങ്ങളെയും ഒഴിവാക്കുന്ന (release) താരങ്ങളെയും തീരുമാനിക്കുന്ന തിരക്കിലാണ്. താരകൈമാറ്റത്തിന്റെ ഭാഗമായി അക്സറിനെ ടീമിലെത്തിക്കാൻ പല ഫ്രാഞ്ചൈസികളും ഡൽഹിയെ സമീപിച്ചിരുന്നുവെന്നും, എന്നാൽ വളരെ ലാഭകരമായ പല ഓഫറുകൾ പോലും മാനേജ്‌മെന്റ് നിരസിച്ചുവെന്നും പുതിയ റിപ്പോർട്ട് പറയുന്നു.
ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ അക്സർ പട്ടേലിന് താൽപര്യമില്ലെന്ന് റിപ്പോർട്ട്. അക്സർ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനോട് ടീം മാനേജ്മെന്റിന് താൽപര്യമില്ല. ഇതോടെ ഡൽഹി ടീമിൽ പ്രതിസന്ധി നിലനിൽക്കുന്നു എന്നാണ് ഐപിഎൽ താരകൈമാറ്റങ്ങൾക്കിടയിൽ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത. ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2027 ലേലം അടുത്തെത്തിയതോടെ, ഫ്രാഞ്ചൈസികൾ തങ്ങൾ നിലനിർത്തുന്ന (retention) താരങ്ങളെയും ഒഴിവാക്കുന്ന (release) താരങ്ങളെയും തീരുമാനിക്കുന്ന തിരക്കിലാണ്. താരകൈമാറ്റത്തിന്റെ ഭാഗമായി അക്സറിനെ ടീമിലെത്തിക്കാൻ പല ഫ്രാഞ്ചൈസികളും ഡൽഹിയെ സമീപിച്ചിരുന്നുവെന്നും, എന്നാൽ വളരെ ലാഭകരമായ പല ഓഫറുകൾ പോലും മാനേജ്‌മെന്റ് നിരസിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അക്സറിന്റെ നേതൃത്വത്തിൽ ഡൽഹിക്ക് ശ്രദ്ധേയമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേഓഫിലെത്താൻ പോലും ഡൽഹിക്ക് സാധിച്ചില്ല. എന്നിട്ടും അക്സറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തിയിരിക്കുന്നു. നായകസ്ഥാനത്തിന്റെ സമ്മർദ്ദം അക്സറിന്റെ ബാറ്റിംഗ്, ബൗളിംഗ് പ്രകടനങ്ങളെയും ബാധിച്ചു എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
Also Read: ‘ഓൾവെയ്സ് തിങ്ക് ഐ കാൻ ഡു ഇറ്റ്’; വർഷങ്ങൾക്ക് മുമ്പേ ആര്യവീർ സേവാഗിന് തന്ത്രം ഉപദേശിച്ച വിരാട് കോലി!
2026 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 173 റൺസും 11 വിക്കറ്റും മാത്രമാണ് അക്സറിന് നേടാനായത്. “നായകനായി തുടരാൻ അക്സറിന് ഒട്ടും താൽപ്പര്യമില്ല. അദ്ദേഹത്തെ സമ്മതിപ്പിക്കാൻ മാനേജ്‌മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഫ്രാഞ്ചൈസിയെ സംബന്ധിച്ചിടത്തോളം അക്സർ വളരെ പ്രധാനപ്പെട്ട താരമാണ്. ഈ സീസണിൽ ലഭിച്ച പല മികച്ച ട്രേഡ് ഓഫറുകളും ക്യാപിറ്റൽസ് വേണ്ടെന്ന് വെച്ചു. ലേലം കഴിയുന്നത് വരെ നായകനെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടതില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്,” – എന്ന് റിപ്പോർട്ടിൽ പറയുന്നു.
അടുത്ത സീസണിനായി ഇതിനകം ചില നിർണായക മാറ്റങ്ങൾ ഡൽഹി നടപ്പിലാക്കിയിരുന്നു. സൗരവ് ഗാംഗുലി മുഖ്യ പരിശീലകനായും യുവരാജ് സിംഗ്, ചാമിന്ദ വാസ്, അമിത് മിശ്ര എന്നിവർ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളായി ടീമിനൊപ്പം ചേർന്നു എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. അക്സറിന് താൽപര്യമില്ലെങ്കിൽ, ഡിസംബറിൽ നടക്കുന്ന താരലേലത്തിന് ശേഷമേ പുതിയ ക്യാപ്റ്റന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിലെ രണ്ട് സീസണുകൾക്ക് ശേഷം മുൻ നായകൻ റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അക്സർ പട്ടേൽ നായകസ്ഥാനത്ത് നിന്ന് പിന്മാറുകയാണെങ്കിൽ റിഷഭ് പന്തോ കെ.എൽ. രാഹുലോ ഡൽഹിയുടെ പുതിയ ക്യാപ്റ്റനായേക്കും എന്നാണ് സൂചന. അടുത്ത വർഷത്തെ ഐപിഎൽ സീസണിന് മുമ്പ് ടീമിൽ കൂടുതൽ പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
Reports suggest that Axar Patel is not keen on continuing as the captain of the Delhi Capitals. However, the team management is reportedly opposed to him stepping down from the role. Amidst the ongoing IPL player transfers, one of the latest reports indicates that this has created a crisis within the Delhi team.