England vs South Africa: 414 റൺസ് അടിച്ചുകൂട്ടിയിട്ട് ദക്ഷിണാഫ്രിക്കയെ 72 റൺസിന് എറിഞ്ഞിട്ടു; ഇംഗ്ലണ്ടിന് ഏകദിന റെക്കോർഡ് ജയം
England Wins Against South Africa: ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാം മത്സരത്തിൽ 342 റൺസിൻ്റെ റെക്കോർഡ് വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് റെക്കോർഡ് വിജയം. 342 റൺസിൻ്റെ പടുകൂറ്റൻ വിജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിജയമാർജിനാണ് സ്വന്തം പേരിലാക്കിയത്. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ 317 റൺസ് ആയിരുന്നു ഏകദിനത്തിൽ നിലവിലെ ഏറ്റവും ഉയർന്ന വിജയമാർജിൻ. എന്നാൽ, ഇംഗ്ലണ്ട് ഈ റെക്കോർഡ് പഴങ്കഥയാക്കി. ആദ്യം ബാറ്റ് ചെയ്ത് 414 റൺസ് അടിച്ചുകൂട്ടിയ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ കേവലം 72 റൺസിനാണ് എറിഞ്ഞിട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഒഴികെ ബാക്കിയെല്ലാവരും തിളങ്ങി. 48 പന്തിൽ 62 റൺസ് നേടിയ ജേമി സ്മിത്തും 33 പന്തിൽ 31 റൺസ് നേടിയ ബെൻ ഡക്കറ്റും ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകി. പിന്നാലെ ജേക്കബ് ബെഥലും ജോ റൂട്ടും സെഞ്ചുറിയടിച്ചു. ബെഥലിൻ്റെ കന്നി പ്രൊഫഷണൽ സെഞ്ചുറിയായിരുന്നു ഇത്. 82 പന്തുകളിൽ നിന്ന് 110 റൺസ് നേടി താരം മടങ്ങി. റൂട്ട് ആവട്ടെ 96 പന്തുകളിൽ നിന്ന് 100 റൺസ് നേടി പുറത്തായി. 32 പന്തിൽ 62 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിനെ 400 കടത്തിയത്. ബട്ട്ലറും വിൽ ജാക്ക്സും (8 പന്തിൽ 19) നോട്ടൗട്ടാണ്.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക ചീട്ടുകൊട്ടാരം പോലെ തകർന്നു. ജോഫ്ര ആർച്ചറും ബ്രൈഡൻ കാഴ്സും ചേർന്ന് ആദ്യ പവർപ്ലേയിൽ തീതുപ്പിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി ഉണ്ടായില്ല. 20 റൺസ് നേടിയ കോർബിൻ ബോഷ് ആണ് ടോപ്പ് സ്കോറർ. കേശവ് മഹാരാജ് (17), ട്രിസ്റ്റൻ സ്റ്റബ്സ് (10) എന്നിവർക്കൊഴികെ മറ്റാർക്കും ഇരട്ടയക്കത്തിലെത്താനായില്ല. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ നാല് വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദ് (3), ബ്രൈഡൻ കാഴ്സ് (2) എന്നിവരും തിളങ്ങി.