Sanju Samson: ബാറ്റ് ചെയ്തത് കുറച്ച് നേരം മാത്രം, ഫീല്‍ഡിങിന് ഇറങ്ങിയതുമില്ല; സഞ്ജുവിന്റെ സാധ്യതകള്‍ക്ക് മങ്ങല്‍
Sanju Samson unlikely to be included in Indian playing eleven for Asia Cup 2025: സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍. വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകുമെന്ന് വ്യക്തമാണ്.
ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ വളരെ കുറച്ച് മാത്രമാണ് നെറ്റ്‌സ് സെഷനില്‍ പങ്കെടുത്തതെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിങ് എന്നിവര്‍ ഏറെ നേരം ബാറ്റിങ് പരിശീലിച്ചു. എന്നാല്‍ തുടക്കത്തില്‍ ഏറെ നേരവും സഞ്ജു പുറത്ത് കാത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജിതേഷ് ശര്‍മ ഏറെ നേരം വിക്കറ്റ് കീപ്പിങ് പരിശീലനവും നടത്തി. എന്നാല്‍ സഞ്ജു ഫീല്‍ഡിങ് പരിശീലനത്തിന് ഇറങ്ങിയില്ലെന്നും ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.
സഞ്ജു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷന്‍. വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകുമെന്ന് വ്യക്തമാണ്. ഗില്ലും അഭിഷേകും ഏറെ നേരം ഒരുമിച്ചാണ് ബാറ്റ് ചെയ്തത്. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ നെറ്റ്‌സില്‍ ഇരുവര്‍ക്കുമെതിരെ പന്തെറിഞ്ഞു.
Also Read: Asia Cup 2025: ഏഷ്യാ കപ്പിലേക്ക് ഇനി രണ്ടുനാൾ; എല്ലാ കണ്ണുകളും സഞ്ജുവിൽ
മൂന്നാം നമ്പറില്‍ തിലക് വര്‍മ ബാറ്റ് ചെയ്യാനെത്തുമെന്നും ഏറെക്കുറെ ഉറപ്പായി. തിലകും ദീര്‍ഘനേരം ബാറ്റിങ് പരിശീലനം നടത്തി. വിക്കറ്റ് കീപ്പിങിനും, ബാറ്റിങിനുമായി ജിതേഷും ദീര്‍ഘനേരം സമയം ചെലവഴിച്ചത് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചുള്ള ഏകദേശ ചിത്രമാണ് നല്‍കുന്നത്. ഫിനിഷര്‍ റോളില്‍ എത്താന്‍ സാധ്യതയുള്ള റിങ്കു സിങും കുറേ നേരം ബാറ്റ് ചെയ്തു. തുടക്കത്തില്‍ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്കിനൊപ്പം സെഷന്‍ വീക്ഷിക്കുകയായിരുന്നു സഞ്ജു. ഏറെ നേരത്തെ ഇടവേളയ്ക്ക് ശേഷമാണ് സഞ്ജു ബാറ്റിങ് സെഷനില്‍ ചേര്‍ന്നത്.
Samson did not have fielding drills either. When he eventually batted, it 𝐰𝐚𝐬𝐧’𝐭 𝐟𝐨𝐫 𝐯𝐞𝐫𝐲 𝐥𝐨𝐧𝐠 🧐 #AsiaCup pic.twitter.com/OBn7L7ch58
— Cricbuzz (@cricbuzz) September 7, 2025
നിലവില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനിലെത്താന്‍ ഒരു സാധ്യതയുമില്ലെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. സ്പിന്നര്‍മാരില്‍ വരുണ്‍ ചക്രവര്‍ത്തിയാണ് കുല്‍ദീപ് യാദവിനെക്കാളും കൂടുതല്‍ പന്തെറിഞ്ഞത്. സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, ശിവം ദുബെ എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.