Suryakumar Yadav: സൂര്യകുമാര്‍ യാദവ് തെറിക്കുമോ? നിര്‍ണായക ബിസിസിഐ യോഗം ഉടന്‍
BCCI Selection Meeting : സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി തുടരുമോയെന്നതില്‍ ബിസിസിഐ യോഗത്തില്‍ തീരുമാനമായേക്കും. പരിശീലകൻ ഗൗതം ഗംഭീർ നൽകുന്ന നിർദ്ദേശങ്ങൾ ടി20 ക്യാപ്റ്റന്‍ എന്ന നിലയിൽ സൂര്യകുമാർ യാദവിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട്
മുംബൈ: മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി തുടരുമോയെന്നതില്‍ ബിസിസിഐ യോഗത്തില്‍ തീരുമാനമായേക്കും. പരിശീലകൻ ഗൗതം ഗംഭീർ നൽകുന്ന നിർദ്ദേശങ്ങൾ ടി20 ക്യാപ്റ്റന്‍ എന്ന നിലയിൽ സൂര്യകുമാർ യാദവിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സെലക്ഷൻ കമ്മിറ്റിയും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും ചേർന്ന് സൂര്യകുമാറിന്റെ ഭാവിയെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ നടത്തുമെന്നാണ് വിവരം. മുന്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററായിരുന്ന സൂര്യകുമാര്‍ സമീപനാളുകളില്‍ തീര്‍ത്തും നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.
നിലവില്‍ 35-കാരനായ സൂര്യയ്ക്ക് ക്യാപ്റ്റനായി അധികകാലം തുടരാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഐപിഎല്ലിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സൂര്യയ്ക്ക് സാധിച്ചില്ല. ചൊവ്വാഴ്ച ഗുവാഹത്തിയിൽ ചേരുന്ന യോഗത്തിൽ അടുത്ത ടി20 ക്യാപ്റ്റനെക്കുറിച്ച് സെലക്ടർമാർ ചർച്ച ചെയ്തേക്കുമെന്ന് പിടിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
യോഗത്തിന്റെ ലക്ഷ്യം
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനും ഏകദിന പരമ്പരയ്ക്കുമുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്. ഇതിനൊപ്പം അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടി20 മത്സരങ്ങളിലേക്ക് പരിഗണിക്കേണ്ട താരങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് സാധ്യത. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയ ശേഷമുള്ള ആദ്യ സെലക്ഷൻ കമ്മിറ്റി യോഗമാണിത്.
Also Read: IPL 2026: രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്, അഞ്ച് വിക്കറ്റിന് തകര്‍ത്തു
ടെസ്റ്റ് ടീമിൽ വലിയ സർപ്രൈസുകൾക്കൊന്നും സാധ്യതയില്ല. എന്നാൽ ഋഷഭ് പന്തിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകൾ നടന്നേക്കാം. പന്തിന് ക്യാപ്റ്റൻസി എന്ന ഉത്തരവാദിത്തം ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നില്ല എന്ന ചിന്ത സെലക്ടര്‍മാര്‍ക്കുണ്ടെന്നാണ് സൂചന. ഐപിഎല്ലില്‍ പന്ത് നയിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.
നവംബറിൽ ഗുവാഹത്തിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തില്‍ ക്യാപ്റ്റൻസി ഏൽപ്പിച്ചപ്പോൾ, തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ പന്തിന് സാധിച്ചിരുന്നില്ലെന്നും വിലയിരുത്തലുണ്ട്.
ഋഷഭ് പന്തിനെപ്പോലെ മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിക്കാൻ ശേഷിയുള്ള ഒരു മാച്ച് വിന്നറെ നഷ്ടപ്പെടുത്താൻ ഇന്ത്യൻ ക്രിക്കറ്റിന് കഴിയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ആക്രമണാത്മക ബാറ്റിംഗിലൂടെ പന്ത് നിരവധി മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുണ്ട്. എന്നാൽ, എപ്പോഴൊക്കെ അദ്ദേഹത്തിന് അധിക ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ടോ, അപ്പോഴൊക്കെ ബാറ്റിംഗിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല കരുതുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് യാതൊരു സമ്മർദ്ദവുമില്ലാതെ സ്വതന്ത്രമായി കളിക്കാനുള്ള അവസരം ഒരുക്കുക എന്നതിനായിരിക്കും സെലക്ഷൻ കമ്മിറ്റി മുൻഗണന നൽകുകയെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
പന്തിന്റെ ബാറ്റിംഗ് ഫോം സെലക്ഷൻ കമ്മിറ്റിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഏകദിന ടീമിൽ രണ്ടാം വിക്കറ്റ് കീപ്പറായി പന്ത് ഇടം നേടുമോയെന്നതും സംശയമാണ്. സഞ്ജു സാംസൺ, ധ്രുവ് ജൂറെൽ, ഇഷാൻ കിഷൻ എന്നിവരും അവസരം കാത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഏകദിനത്തിൽ സ്ഥാനം നിലനിർത്താൻ പന്തിന് കടുത്ത മത്സരം തന്നെ നേരിടേണ്ടി വന്നേക്കാം.
English Summary
Gautam Gambhir will help decide Suryakumar Yadav’s T20I captaincy future. Selectors are worried about Suryakumar’s recent poor batting form. Rishabh Pant might lose his Test vice-captaincy due to leadership pressure. Pant also faces tough competition for his ODI wicketkeeper spot.