ICC Women’s World Cup 2025: വനിതാ ലോകകപ്പ് തൊട്ടടുത്ത്, മത്സരം നടക്കുന്നത് ഏതൊക്കെ വേദികളില്‍?
ICC Women’s World Cup 2025 venues: സെപ്തംബര്‍ 30ന് ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നതോടെ ടൂര്‍ണമെന്റ് ആരംഭിക്കും. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 31 മത്സരങ്ങളുണ്ട്. നവംബര്‍ രണ്ടിനാണ് ഫൈനല്‍. മത്സരങ്ങള്‍ നടക്കുന്ന വേദികളെക്കുറിച്ച് നോക്കാം
ഐസിസി വനിതാ ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. സെപ്തംബര്‍ 30ന് ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നതോടെ ടൂര്‍ണമെന്റ് ആരംഭിക്കും. ഇന്ത്യയും ശ്രീലങ്കയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 31 മത്സരങ്ങളുണ്ട്. നവംബര്‍ രണ്ടിനാണ് ഫൈനല്‍. മത്സരങ്ങള്‍ നടക്കുന്ന വേദികളെക്കുറിച്ച് നോക്കാം.
ഡിവൈ പാട്ടീൽ സ്റ്റേഡിയം (നവി മുംബൈ)
മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് ടൂര്‍ണമെന്റിന്റെ പ്രധാന വേദികളിലൊന്ന്. 45,300 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണിത്. ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ സ്റ്റേഡിയമാണ് ഇവിടെ നിരവധി മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രഥമ ഐപിഎല്‍ സീസണിലെ ഫൈനല്‍ മത്സരം നടന്നതും ഇവിടെയായിരുന്നു. 2022ലാണ് ഇവിടെ ആദ്യ വനിതാ ക്രിക്കറ്റ് നടന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആ മത്സരം.
ഗുവാഹത്തി സ്റ്റേഡിയം
ഇത്തവണത്തെ വനിതാ ഏകദിന ലോകകപ്പിലെ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ സ്റ്റേഡിയമാണ്. അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ 46,000 പേരെ ഉള്‍ക്കൊള്ളാനാകും. 2012ലാണ് ഈ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. നിരവധി അന്താരാഷ്ട്ര, ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ലോകകപ്പിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ ഉദ്ഘാടന മത്സരവും ഒരു സെമിഫൈനലും ഉൾപ്പെടെ അഞ്ച് മത്സരങ്ങള്‍ ഇവിടെ നടക്കും.
വിശാഖപട്ടണം ക്രിക്കറ്റ് സ്റ്റേഡിയം
വിശാഖപട്ടണത്തെ എസിഎ–വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 27,500 കാണികളെ ഉള്‍ക്കൊള്ളാനാകും. 2003ലാണ് ഈ സ്റ്റേഡിയം തുറന്നത്. എംഎസ് ധോണി ആദ്യ ഏകദിന സെഞ്ചുറി നേടിയത് ഇവിടെയാണ്.
ഹോൾക്കർ സ്റ്റേഡിയം (ഇൻഡോർ)
2006ല്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനമാണ് ഇവിടെ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം. 30,000 ആണ് കപ്പാസിറ്റി. ഹോള്‍ക്കര്‍ രാജവംശത്തിനുള്ള ആദരവായി 2010ല്‍ ഈ സ്‌റ്റേഡിയത്തില്‍ പുനര്‍നാമകരണം ചെയ്യുകയായിരുന്നു. മൂന്ന് ടെസ്റ്റ് മത്സരങ്ങളും എട്ട് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്.
ആർ. പ്രേമദാസ സ്റ്റേഡിയം (കൊളംബോ)
ഇത്തവണത്തെ വനിതാ ഏകദിന ലോകകപ്പിലെ മിക്ക മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്. എന്നാല്‍ ഹൈബ്രിഡ് മാതൃകയില്‍ പാകിസ്ഥാന്റെ മത്സരങ്ങളും, ശ്രീലങ്കയുടെ ചില മത്സരങ്ങളും കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും. ഫൈനലിലേക്ക് പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍, ആ മത്സരവും ഇവിടെ നടക്കാനാണ് സാധ്യത.