India vs England: ക്യാച്ചുകൾ മത്സരിച്ച് നിലത്തിട്ട് ഫീൽഡർമാർ; ഇന്ത്യയുടെ കൂറ്റൻ സ്കോറിനെതിരെ ഇംഗ്ലണ്ട് തിരിച്ചടിയ്ക്കുന്നു
England Hits Back At India: ഇന്ത്യയ്ക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്.

ഇന്ത്യ - ഇംഗ്ലണ്ട്
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ്. ബെൻ ഡക്കറ്റും ഒലി പോപ്പും ഫിഫ്റ്റിയടിച്ച് ക്രീസിൽ തുടരുന്നു. ഇരുവരുടെയും പ്രകടനങ്ങൾക്കൊപ്പം ക്യാച്ചുകൾ മത്സരിച്ച് നിലത്തിട്ട ഇന്ത്യൻ ഫീൽഡർമാരും ഇംഗ്ലണ്ടിനെ സഹായിച്ചു. സാക്ക് ക്രോളിയെ വീഴ്ത്തിയ ജസ്പ്രീത് ബുംറ മാത്രമാണ് ഇന്ത്യൻ നിരയിൽ വിക്കറ്റ് കണ്ടെത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ക്രോളിയെ (4) നഷ്ടമായി. താരത്തെ ബുംറ കരുൺ നായരുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഡക്കറ്റും പോപ്പും ചേർന്ന് അനായാസം ഇംഗ്ലണ്ട് സ്കോർ മുന്നോട്ട് കൊണ്ടുപോവുകയാണ്. ബുംറ തുടക്കം മുതൽ നന്നായി എറിഞ്ഞെങ്കിലും ഓപ്പണിങ് സ്പെൽ ഷെയർ ചെയ്ത മുഹമ്മദ് സിറാജിന് ആ മികവ് തുടരാനായില്ല. അതുകൊണ്ട് തന്നെ സിറാജിനെതിരെ ഇംഗ്ലണ്ട് താരങ്ങൾക്ക് അനായാസം സ്കോർ ചെയ്യാനായി. ഇതിനിടെ ബെൻ ഡക്കറ്റിനെ രണ്ട് തവണയാണ് ഇന്ത്യൻ ഫീൽഡർമാർ നിലത്തിട്ടത്. രണ്ടും ബുംറയുടെ പന്തിലായിരുന്നു. ആദ്യം സ്ലിപ്പിൽ യശസ്വി ജയ്സ്വാളും പിന്നീട് പോയിൻ്റിൽ രവീന്ദ്ര ജഡേജയും ഡക്കറ്റിന് ജീവൻ നൽകി. ഈ അവസരങ്ങൾ മുതലെടുത്താണ് ഡക്കറ്റ് കുതിയ്ക്കുന്നത്.
Also Read: India vs England: ഇന്ത്യ വരുന്നത് തോൽക്കാനെന്ന് മൈക്കൽ വോൺ; താനൊരു മണ്ടനാണെന്ന് നവ്ജോത് സിംഗ് സിദ്ധു
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 471 റൺസ് നേടി ഓൾ ഔട്ടായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസെന്ന നിലയിൽ നിന്നാണ് 71 റൺസെടുക്കുന്നതിനിടെ ഇന്ത്യ ഓൾ ഔട്ടായത്. 147 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ഋഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരും ഇന്ത്യക്കായി സെഞ്ചുറിയടിച്ചു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ജോഷ് ടോങും നാല് വിക്കറ്റ് വീതം വീഴ്ത്തി.