India vs England: ബാസ്‌ബോളില്‍ നിന്ന് പിന്‍വലിഞ്ഞ് ഇംഗ്ലണ്ട്; ലീഡ്‌സില്‍ ലീഡെടുക്കാന്‍ പ്രതിരോധതന്ത്രം
India vs England First Test: നിലവില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 262 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. അതേസമയം, ഒന്നിലേറെ ക്യാച്ചുകള്‍ക്കുള്ള അവസരം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി
ലീഡ്‌സിലെ ഹെഡിങ്‌ലി സ്‌റ്റേഡിയം ബാറ്റര്‍മാരെ കനിഞ്ഞനുഗ്രഹിച്ചപ്പോള്‍ എറിഞ്ഞ് തളര്‍ന്ന് ബൗളര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ എറിഞ്ഞു തളര്‍ന്ന ഇംഗ്ലണ്ട് ബൗളര്‍മാരെ പോലെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബൗളര്‍മാരും വലയുകയാണ്. മൂന്നാം ദിനമായ ഇന്ന് മൂന്ന് വിക്കറ്റിനു 209 എന്ന നിലയില്‍ ഇംഗ്ലണ്ട് ബാറ്റിങ് പുനഃരാരംഭിക്കും. ജസ്പ്രീത് ബുംറയൊഴികെ ഒരു ഇന്ത്യന്‍ ബൗളര്‍ക്കു പോലും വിക്കറ്റുകള്‍ വീഴ്ത്താനായില്ല. സെഞ്ചുറി നേടിയ ഒലി പോപ്പും (131 പന്തില്‍ 100), റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
ഓപ്പണര്‍ സാക്ക് ക്രൗളിയെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കാനായത് മാത്രാമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനായത്. ആറു പന്തില്‍ നാലു റണ്‍സെടുത്ത ക്രൗളി ബുംറയുടെ പന്തില്‍ കരുണ്‍ നായര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഒലി പോപ്പും, ബെന്‍ ഡക്കറ്റും ബാസ് ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ഇരുവരും 122 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ചേര്‍ത്തത്. ഡക്കറ്റ് 68 പന്തിലും, പോപ്പ് 64 പന്തിലും അര്‍ധ ശതകം തികച്ചു.
അര്‍ധ ശതകത്തിനു ശേഷം ഡക്കറ്റ് ബാറ്റിങിന്റെ വേഗത അല്‍പം കുറച്ചു. 94 പന്തില്‍ 62 റണ്‍സെടുത്ത ഡക്കറ്റിനെ ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ശൈലി ബാറ്റാന്‍ പോപ്പ് തയ്യാറായില്ല. തുടര്‍ന്ന് ക്രീസിലെത്തിയ ജോ റൂട്ടും, ഹാരി ബ്രൂക്കും ബാസ്‌ബോളില്‍ നിന്നു പിന്‍വലിഞ്ഞ് പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് ചെയ്തത്. റൂട്ട് 58 പന്തില്‍ 28 റണ്‍സെടുത്തു പുറത്തായി. ഹാരി ബ്രൂക്ക് 12 പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറന്നിട്ടില്ല.




Read Also: India vs England: ഇന്ത്യ വരുന്നത് തോൽക്കാനെന്ന് മൈക്കൽ വോൺ; താനൊരു മണ്ടനാണെന്ന് നവ്ജോത് സിംഗ് സിദ്ധു
നിലവില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിനെക്കാള്‍ 262 റണ്‍സ് പിറകിലാണ് ഇംഗ്ലണ്ട്. അതേസമയം, ഒന്നിലേറെ ക്യാച്ചുകള്‍ക്കുള്ള അവസരം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബുംറയെ പോലെ മറ്റ് ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.