India Vs New Zealand: മിന്നല്‍ വേഗത്തില്‍ മിച്ചല്‍; ഓപ്പണര്‍മാരും കലക്കി; കീവിസിന് മികച്ച സ്‌കോര്‍
India Vs New Zealand 1st ODI: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 301 റണ്‍സ് വിജയലക്ഷ്യം. ഡാരില്‍ മിച്ചലിന്റെയും, ഹെൻറി നിക്കോള്‍സിന്റെയും, ഡെവോണ്‍ കോണ്‍വെയുടെയും പ്രകടനമാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
വഡോദര: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 301 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 300 റണ്‍സ് നേടിയത്. മൂന്ന് കീവിസ് ബാറ്റര്‍മാര്‍ അര്‍ധ സെഞ്ചുറി കടന്നു. ഡാരില്‍ മിച്ചലിന്റെയും (71 പന്തില്‍ 84), ഓപ്പണര്‍മാരായ ഹെൻറി നിക്കോള്‍സിന്റെയും (69 പന്തില്‍ 62), ഡെവോണ്‍ കോണ്‍വെയുടെയും (67 പന്തില്‍ 56) പ്രകടനമാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ കോണ്‍വെയും, നിക്കോള്‍സും കീവിസിന് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 117 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിച്ചു. 21.4 ഓവറില്‍ നിക്കോള്‍സിനെ പുറത്താക്കി ഹര്‍ഷിത് റാണയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
റാണയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് നിക്കോള്‍സ് പുറത്തായത്. തൊട്ടുപിന്നാലെ കോണ്‍വെയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് റാണ ന്യൂസിലന്‍ഡിന് ഇരട്ട ആഘാതം സമ്മാനിച്ചു. തുടര്‍ന്ന് ന്യൂസിലന്‍ഡിന്റെ വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നാലാമനായി എത്തിയ മിച്ചല്‍ നിലയുറപ്പിച്ചതോടെ കീവിസ് സ്‌കോറിങ് തരക്കേടില്ലാത്ത രീതിയില്‍ കുതിച്ചു.
Also Read: India vs New Zealand: ന്യൂസീലൻഡിനെ ബാറ്റിംഗിനയച്ച് ഇന്ത്യ; അർഷ്ദീപ് സിംഗിന് ടീമിൽ ഇടമില്ല
28-ാം ഓവറില്‍ ക്രീസിലെത്തിയ മിച്ചല്‍ 48-ാം ഓവറിലാണ് മടങ്ങിയത്. പ്രസിദ്ധ് കൃഷ്ണ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു. ഒമ്പതാമനായി ക്രീസിലെത്തിയ ക്രിസ് ക്ലര്‍ക്ക് പുറത്തെടുത്ത പ്രകടനമാണ് കീവിസ് സ്‌കോര്‍ 300 ലെത്തിച്ചത്. ക്ലര്‍ക്ക് പുറത്താകാതെ 17 പന്തില്‍ 24 റണ്‍സെടുത്തു.
വില്‍ യങ്-16 പന്തില്‍ 12, ഗ്ലെന്‍ ഫിലിപ്‌സ്-19 പന്തില്‍ 12, മിച്ചല്‍ ഹെ-13 പന്തില്‍ 18, മൈക്കല്‍ ബ്രേസ്‌വെല്‍-18 പന്തില്‍ 16, സാക്കറി ഫോള്‍ക്‌സ്-രണ്ട് പന്തില്‍ ഒന്ന്, കൈല്‍ ജാമിസണ്‍-എട്ട് പന്തില്‍ എട്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് കീവിസ് ബാറ്റര്‍മാരുടെ സംഭാവന.
ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജും, ഹര്‍ഷിത് റാണയും, പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവിന് മാത്രമാണ് വിക്കറ്റ് ലഭിച്ചത്. കുല്‍ദീപ് ഒരു വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദറിനും, രവീന്ദ്ര ജഡേജയ്ക്കും വിക്കറ്റ് ലഭിച്ചില്ല.