India vs South Africa: ഒരുപാടൊന്നുമില്ല; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ വിജയലക്ഷ്യം 548 റൺസ്
India Need 548 Runs To Win: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടത് 548 റൺസ്. രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 260 റൺസെന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയലക്ഷ്യം 548 റൺസ്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് നേടി ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയ്ക്ക് 287 റൺസ് ലീഡുണ്ടായിരുന്നു. 94 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിലും സമ്പൂർണ ആധിപത്യമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. ടെംബ ബാവുമ 93) ഒഴികെ ബാക്കിയെല്ലാ താരങ്ങളും ഇരട്ടയക്കം കുറിച്ചു. ടോണി ഡിസോർസി (49) ഫിഫ്റ്റിയ്ക്ക് ഒരു റൺ അകലെ വീണു. റയാൻ റിക്കിൾട്ടൺ (35), എയ്ഡൻ മാർക്രം (29) എന്നിവർ ഒന്നാം വിക്കറ്റിൽ 59 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. നാലാം വിക്കറ്റിൽ ടോണി ഡിസോർസി – ട്രിസ്റ്റൻ സ്റ്റബ്സ് സഖ്യം 101 റൺസും അഞ്ചാം വിക്കറ്റിൽ സ്റ്റബ്സ് – വ്യാൻ മുൾഡർ സഖ്യം 82 റൺസുമാണ് കണ്ടെത്തിയത്.
Also Read: India vs South Africa: അഞ്ഞൂറും കടന്ന് ദക്ഷിണാഫ്രിക്കയുടെ ലീഡ്, ഇന്ത്യയുടെ നില പരുങ്ങലില്‍
ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റിട്ടു. ഇന്ന് 18 ഓവറും നാളെ 90 ഓവറും ബാക്കിനിൽക്കെ സമനിലയോ ദക്ഷിണാഫ്രിക്കയുടെ ജയമോ മാത്രമാണ് ഈ കളിയിലെ രണ്ട് റിസൽട്ടുകൾ.
ആറ് വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ തകർത്തത്. 58 റൺസ് നേടിയ യശസ്വി ജയ്സ്വാൾ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിൽ നിന്ന് വാഷിംഗ്ടൺ സുന്ദറും കുൽദീപ് യാദവും ചേർന്ന എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.