India vs South Africa: അഞ്ഞൂറും കടന്ന് ദക്ഷിണാഫ്രിക്കയുടെ ലീഡ്, ഇന്ത്യയുടെ നില പരുങ്ങലില്‍
India vs South Africa 2nd test: ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. നാലാം ദിനം മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് 500 കടന്നു. നിലവില്‍ പ്രോട്ടീസിന് 508 റണ്‍സ് ലീഡുണ്ട്
ഗുവാഹത്തി: രണ്ടാം ടെസ്റ്റിലും ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ. നാലാം ദിനം മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് 500 കടന്നു. നിലവില്‍ പ്രോട്ടീസിന് 508 റണ്‍സ് ലീഡുണ്ട്. നാല് വിക്കറ്റിന് 220 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 155 പന്തില്‍ 60 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും, 43 പന്തില്‍ 29 റണ്‍സുമായി വിയാന്‍ മള്‍ഡറുമാണ് ക്രീസില്‍.
രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടണും, എയ്ഡന്‍ മര്‍ക്രമും സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും അര്‍ധ സെഞ്ചുറി കൂട്ടുക്കെട്ട് പിന്നിട്ടു. 35 റണ്‍സെടുത്ത റിക്കല്‍ട്ടണെ പുറത്താക്കി രവീന്ദ്ര ജഡേജ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. അധികം വൈകാതെ എയ്ഡന്‍ മര്‍ക്രത്തെയും പുറത്താക്കി ജഡേജ ഓപ്പണര്‍മാര്‍ രണ്ടു പേരെയും കൂടാരം കയറ്റി. 29 റണ്‍സെടുത്ത മര്‍ക്രമിനെ ജഡേജ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
എന്നാല്‍ വണ്‍ ഡൗണായെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചു. അതീവ ശ്രദ്ധയോടെ ബാറ്റേന്തിയ സ്റ്റബ്‌സ് അര്‍ധ സെഞ്ചുറിയും നേടി. ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്ക് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. 11 പന്തില്‍ മൂന്ന് റണ്‍സെടുത്ത ബവുമയെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി.
49 റണ്‍സെടുത്ത ടോണി ഡി സോര്‍സിയും പ്രോട്ടീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. ലീഡുനില ഭദ്രമായതിനാല്‍ പ്രോട്ടീസ് ഉടന്‍ ഡിക്ലയര്‍ ചെയ്‌തേക്കും. ഇന്ത്യയ്ക്കായി ജഡേജ മൂന്നും, സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സെടുത്തിരുന്നു. ഇന്ത്യ 201 റണ്‍സിന് പുറത്തായി.