Sanju Samson: സഞ്ജു സാംസണ്‍ അകത്തോ, പുറത്തോ? ആദ്യ ടി20യില്‍ ആരാകും വിക്കറ്റ് കീപ്പര്‍?
Sanju Samson Vs Jitesh Sharma: സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ ആരാകും പ്ലേയിങ് ഇലവനിലെത്തുകയെന്നതിലാണ് സംശയം മുഴുവനും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചൊവ്വാഴ്ച നടക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് ഏറെക്കുറെ വ്യക്തമാണ്. ഒന്നോ രണ്ടോ സ്ലോട്ടുകളെക്കുറിച്ച് മാത്രമാണ് ആശയക്കുഴപ്പമുള്ളത്. സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ ആരാകും പ്ലേയിങ് ഇലവനിലെത്തുകയെന്നതിലാണ് സംശയം മുഴുവനും. ശുഭ്മാന്‍ ഗില്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കില്ലെന്ന് വ്യക്തമായി. മധ്യനിരയിലാണ് സഞ്ജുവിന്റെ സാധ്യതകള്‍ അവശേഷിക്കുന്നത്.
ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളിലും സഞ്ജു മധ്യനിരയിലാണ് കളിച്ചത്. മികച്ച പ്രകടനവും പുറത്തെടുത്തു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഇതില്‍ രണ്ടാം മത്സരത്തില്‍ മാത്രമാണ് ബാറ്റിങിന് അവസരം ലഭിച്ചത്.
എന്നാല്‍ ഈ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാനായില്ല. സഞ്ജു മാത്രമല്ല, ഒട്ടുമിക്ക ബാറ്റര്‍മാരും ഈ മത്സരത്തില്‍ പരാജമായിരുന്നു. പക്ഷേ, ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ സഞ്ജുവിനെ പിന്നീട് മാറ്റി നിര്‍ത്തി. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് പകരം ജിതേഷ് ശര്‍മയ്ക്കാണ് അവസരം ലഭിച്ചത്.
Also Read: Sanju Samson: സഞ്ജു ഇനി നോക്കേണ്ട, ആ സസ്‌പെന്‍സ് ഗംഭീര്‍ പൊളിച്ചു; ടീം പ്ലാന്‍ പുറത്ത്
എന്നാല്‍ ജിതേഷിനും മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഇതോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആരാകും പ്ലേയിങ് ഇലവനിലെത്തുകയെന്നതില്‍ ആശയക്കുഴപ്പം ഉടലെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കേരളത്തിനായി ഓപ്പണറായാണ് സഞ്ജു കളിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ടോപ് ഓര്‍ഡറില്‍ ഒഴിവില്ലാത്തത് സഞ്ജുവിന് തിരിച്ചടിയാണ്. പ്രോട്ടീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു പുറത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് അഭ്യൂഹം.
പ്രതീക്ഷിക്കുന്ന പ്ലേയിങ് ഇലവന്‍: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ജിതേഷ് ശർമ്മ/സഞ്ജു സാംസണ്‍, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി