IPL 2026 Auction: ഈ താരങ്ങളെ നോക്കിവച്ചോ; കോടികള്‍ കൊണ്ടുപോകും; അശ്വിന്റെ പ്രവചനം
IPL 2026 Auction R Ashwin Prediction: ഐപിഎല്‍ ലേലത്തില്‍ കോടിപതികളാകാന്‍ സാധ്യതയുള്ള അണ്‍ക്യാപ്ഡ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് ആര്‍ അശ്വിന്‍
ഐപിഎല്‍ താരലേലത്തില്‍ കോടിപതികളാകാന്‍ സാധ്യതയുള്ള അണ്‍ക്യാപ്ഡ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് മുന്‍ താരം ആര്‍ അശ്വിന്‍. രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ ലേലത്തില്‍ വന്‍ തുക സ്വന്തമാക്കിയേക്കാമെന്നാണ് അശ്വിന്റെ പ്രവചനം. യൂട്യൂബ് ചാനൽ ചാറ്റ് ഷോയായ ആഷ് കി ബാത്തിൽ മുതിർന്ന പത്രപ്രവർത്തകനായ വിമൽ കുമ്രയോട് സംസാരിക്കുന്നതിനിടെയാണ് അശ്വിന്‍ തന്റെ നിരീക്ഷണം പങ്കുവച്ചത്. കാര്‍ത്തിക് ശര്‍മയും, സലില്‍ അറോറയുമാണ് അശ്വിന്‍ ചൂണ്ടിക്കാണിക്കുന്ന രണ്ട് താരങ്ങള്‍.
തമിഴ്‌നാടിന്റെ തുഷാർ രഹേജയ്ക്കും വന്‍ തുക ലഭിച്ചേക്കാമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. മധ്യനിരയിൽ ഫലപ്രദമായി ബാറ്റ് ചെയ്യാൻ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ക്ക് ഡിമാന്‍ഡേറുമെന്ന് താരം വിലയിരുത്തുന്നു.
പഞ്ചാബ് താരമായ സലില്‍ അറോറ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. 45 പന്തില്‍ 125 റണ്‍സ് നേടിയ താരത്തിന്റെ പ്രകടനം ചര്‍ച്ചയായിരുന്നു. കാര്‍ത്തിക് ശര്‍മയും, തുഷാര്‍ രഹേജയും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരങ്ങളാണ്. 30 ലക്ഷമാണ് ഇരുവരുടെയും അടിസ്ഥാന തുക.
വിവിധ ഫ്രാഞ്ചെസികള്‍ ഈ താരങ്ങള്‍ക്ക് വേണ്ടി ലേലത്തില്‍ വന്നേക്കും. അങ്ങനെ സംഭവിച്ചാല്‍, അശ്വിന്‍ പ്രവചിച്ചതു പോലെ ഈ താരങ്ങള്‍ ഉയര്‍ന്ന തുക ലഭിക്കാനും സാധ്യതയുണ്ട്. താരലേലം നിരവധി അണ്‍ക്യാപ്ഡ് താരങ്ങള്‍ക്ക് പ്രയോജനകരമായേക്കുമെന്നാണ് അശ്വിന്റെ നിരീക്ഷണം. നിരവധി അണ്‍ക്യാപ്ഡ് താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്.