India vs England: ബുംറയ്ക്ക് അഞ്ച് വിക്കറ്റ് നേട്ടം; ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ആറ് റൺസകലെ ഇംഗ്ലണ്ട് ഓൾ ഔട്ട്
Jasprit Bumrah 5 Wicket Haul England All Out: ഒടുവിൽ ഇംഗ്ലണ്ടിനെ ഓൾ ഔട്ടാക്കി ഇന്ത്യ. 465 റൺസിനാണ് ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഓൾ ഔട്ടായത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 465 റൺസിന് ഓൾ ഔട്ട്. അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ആറ് റൺസ് അകലെയാണ് ഇംഗ്ലണ്ട് മുട്ടുമടക്കിയത്. ഒലി പോപ്പ് (106) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ഹാരി ബ്രൂക്കും (99) തിളങ്ങി. 7 വിക്കറ്റ് നഷ്ടത്തിൽ 398 റൺസ് എന്ന നിലയിൽ നിന്ന് വാലറ്റത്തിൻ്റെ പ്രകടനങ്ങളാണ് ഇംഗ്ലണ്ടിനെ ഇന്ത്യൻ സ്കോറിനരികെ എത്തിച്ചത്. ബുംറയ്ക്കൊപ്പം ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. രാവിലെ തന്നെ സെഞ്ചുറി നേടിയ ഒലി പോപ്പിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെയെത്തിയ ബെൻ സ്റ്റോക്സിനും (20) ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. മറുവശത്ത് ഹാരി ബ്രൂക്ക് തകർപ്പൻ ഫോമിലായിരുന്നു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഹാരി ബ്രൂക്കും ജേമി സ്മിത്തും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ബ്രൂക്ക് ഫിഫ്റ്റി തികച്ചു. 40 റൺസ് നേടിയ ജേമി സ്മിത്തിനെ വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ആക്രമണത്തിൻ്റെ പാതയിലേക്ക് നീങ്ങിയ ഹാരി ബ്രൂക്ക് തുടരെ ബൗണ്ടറികൾ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. സെഞ്ചുറിക്ക് ഒരു റൺ അകലെ വച്ച് ബ്രൂക്കിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കുകയായിരുന്നു.



എട്ടാം വിക്കറ്റിൽ ക്രിസ് വോക്സും ബ്രൈഡൻ കാഴ്സും ചേർന്ന് പടുത്തുയർത്തിയ 55 റൺസ് ഇംഗ്ലണ്ട് ഇന്നിംഗ്സിൽ നിർണായകമായി. കാഴ്സിനെ (22) വീഴ്ത്തി സിറാജ് കൂട്ടുകെട്ട് പൊളിച്ചപ്പോൾ ക്രിസ് വോക്സിനെയും (38) ജോഷ് ടോങിനെയും (11) മടക്കി ബുംറ അഞ്ച് വിക്കറ്റ് നേട്ടം തികയ്ക്കുകയും ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു.