India vs England: പന്ത് മാറ്റാൻ തയ്യാറാവാതെ അമ്പയർ; ദേഷ്യത്തിൽ വലിച്ചെറിഞ്ഞ് ഋഷഭ് പന്ത്: വിവാദം
Rishabh Pant Throws The Ball In Anger Sparks Controversy: അമ്പയറിൻ്റെ തീരുമാനത്തിനെതിരെ ദേഷ്യപ്പെട്ട് പന്ത് വലിച്ചെറിഞ്ഞ ഋഷഭ് പന്ത് വിവാദത്തിൽ. ഇംഗ്ലണ്ട് ഇന്നിംഗ്സിനിടെയാണ് സംഭവം.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം നാടകീയ രംഗങ്ങൾ. പഴകിയ പന്ത് മാറ്റണമെന്ന ആവശ്യം അമ്പയർ പലതവണ തിരസ്കരിച്ചതോടെ ഋഷഭ് പന്ത് പന്ത് വലിച്ചെറിഞ്ഞു. ഋഷഭ് പന്തിൻ്റെ ഈ പ്രവൃത്തി വിവാദത്തിലായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പന്തിനെതിരെ വിമർശനം കടുക്കുകയാണ്. അമ്പയറിൻ്റെ തീരുമാനത്തിനെതിരെ പരസ്യമായ എതിർപ്പ് കാണിച്ചതിനാൽ താരത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാവുമെന്നുറപ്പാണ്.
Also Read: India vs England: വിക്കറ്റെടുക്കാൻ ആകെയൊരു ബുംറ മാത്രം; എന്ന് തീരും ടീം ഇന്ത്യയുടെ ഈ പ്രതിസന്ധി




ഇംഗ്ലണ്ട് ഇന്നിംഗ്സിൻ്റെ 63ആം ഓവറിൽ ഹാരി ബ്രൂക്കും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ക്രിസ് ഗാഫ്നിയായിരുന്നു അമ്പയർ. പന്ത് പഴകിയെന്നും മാറ്റണമെന്നും പലതവണ ഇന്ത്യൻ ടീം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗാഫ്നി വഴങ്ങിയിരുന്നില്ല. ഋഷഭ് പന്തും ജസ്പ്രീത് ബുംറയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അടക്കമുള്ളവർ പുതിയ പന്ത് അനുവദിക്കണമെന്നാവശൂപ്പെട്ടെങ്കിലും അമ്പയർ വഴങ്ങിയില്ല. ഇതിന് പിന്നാലെ വീണ്ടും ഋഷഭ് പന്ത് ഇതേ ആവശ്യവുമായി അമ്പയറിൻ്റെ അടുത്തെത്തി. പന്ത് പരിശോധിച്ച അമ്പയർ തൻ്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതോടെ ഋഷഭ് പന്ത്, പന്ത് വലിച്ചെറിയുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വൈറൽ വിഡിയോ കാണാം
Rishabh Pant asked the umpire to change the ball, got denied and then threw it in frustration 😭😭😭 pic.twitter.com/F1A78XGwWV
— Sandy (@flamboypant) June 22, 2025
മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 471ന് മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 350 റൺസെടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടമായി. 106 റൺസ് നേടിയ ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ബെൻ ഡക്കറ്റ് (62) ഫിഫ്റ്റിയടിച്ചു. ഹാരി ബ്രൂക്ക് (68) ക്രീസിൽ തുടരുകയാണ്. ബ്രൂക്കിലാണ് നിലവിൽ ഇംഗ്ലണ്ടിൻ്റെ പ്രതീക്ഷകൾ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റുണ്ട്. ഇന്ത്യൻ സ്കോറിനെക്കാൾ 121 റൺസ് പിന്നിലാണ് നിലവിൽ ഇംഗ്ലണ്ട്. ഇന്ത്യക്കായി ശുഭ്മൻ ഗിൽ (147), ഋഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരാണ് തിളങ്ങിയത്. ഇംഗ്ലണ്ടിനായി ജോഷ് ടോങും ബെൻ സ്റ്റോക്സും നാല് വിക്കറ്റ് വീതം വീഴ്ത്തി.