India vs England: വിക്കറ്റെടുക്കാൻ ആകെയൊരു ബുംറ മാത്രം; എന്ന് തീരും ടീം ഇന്ത്യയുടെ ഈ പ്രതിസന്ധി
Jasprit Bumrah vs England: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ദിനം ജസ്പ്രീത് ബുംറയല്ലാതെ മറ്റാർക്കും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വെല്ലുവിളിക്കാൻ കഴിഞ്ഞില്ല.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ആദ്യ ദിനം വീണ മൂന്ന് വിക്കറ്റുകളും ജസ്പ്രീത് ബുംറയ്ക്കായിരുന്നു. ആദ്യ ഓവറിൽ സാക്ക് ക്രോളിയെ (4) വീഴ്ത്തി ആരംഭിച്ച ബുംറ പിന്നീട് ബെൻ ഡക്കറ്റ് (62), ജോ റൂട്ട് (28) എന്നീ വിക്കറ്റുകളും സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ എന്നിവർ കൂടി എറിഞ്ഞെങ്കിലും ഇവർക്കൊന്നും ബുംറയ്ക്ക് പിന്തുണ നൽകാനായില്ല. ഇത് ഇന്ത്യ അനുഭവിക്കുന്ന ഗൗരവമായ ഒരു പ്രതിസന്ധിയാണ്.
ജസ്പ്രീത് ബുംറ ഒഴികെ മറ്റാർക്കും വിക്കറ്റ് വീഴ്ത്താനായില്ല എന്നതിനപ്പുറം ഇംഗ്ലണ്ട് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കാൻ പോലും മറ്റ് ബൗളർമാർക്ക് സാധിച്ചില്ല എന്നതാണ് ആശങ്ക. ജസ്പ്രീത് ബുംറയ്ക്കൊപ്പം നോബോൾ പങ്കിട്ട മുഹമ്മദ് സിറാജ് ആദ്യ ഓവറുകളിൽ മോശമായി പന്തെറിഞ്ഞതിനെ തുടർന്ന് ശുഭ്മൻ ഗില്ലിന് വേഗം തന്നെ താരത്തെ ബൗളിംഗിൽ നിന്ന് പിൻവലിക്കേണ്ടിവന്നു. എന്നാൽ, പകരം വന്നവർക്കും പ്രത്യേകിച്ചൊന്നും ചെയ്യാനായില്ല. സാവധാനത്തിൽ സിറാജ് ഉൾപ്പെടെയുള്ള മറ്റ് ബൗളർമാർ ചില ഫോൾസ് ഷോട്ടുകൾ കണ്ടെത്തിയെങ്കിലും അതൊന്നും മതിയാവുമായിരുന്നില്ല. അപ്പോഴും ബുംറ തന്നെ വേണ്ടിവന്നു, ബ്രേക്ക് ത്രൂ സമ്മാനിക്കാൻ.




ഇതിനൊപ്പമാണ് ഇന്ത്യയുടെ ഫീൽഡിംഗ് പിഴവുകൾ. ഡക്കറ്റിൻ്റെ ബുംറയുടെ പന്തിൽ രണ്ട് തവണയാണ് ഫീൽഡർമാർ നിലത്തിട്ടത്. താരം ഫിഫ്റ്റിയടിച്ചു. ഇതിനൊപ്പം ഇന്ത്യയുടെ ഗ്രൗണ്ട് ഫീൽഡിംഗും മോശമായിരുന്നു. ഇന്ന് മോർണിങ് സെഷനിൽ സെഞ്ചുറി നേടിയ ഒലി പോപ്പിനെ മടക്കി പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കോളത്തിൽ ഇടം നേടിയെങ്കിലും ഇന്ത്യയുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജേമി സ്മിത്ത് എന്നീ മൂന്ന് മികച്ച താരങ്ങൾ കൂടി ഇംഗ്ലണ്ട് നിരയിൽ ബാക്കിയുണ്ട്. ഇവരെയൊക്കെ വേഗത്തിൽ മടക്കിയെങ്കിലേ ഇന്ത്യക്ക് മത്സരത്തിൽ ഈ കളി എന്തെങ്കിലും സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ മറ്റ് ബൗളർമാരും ബുംറയ്ക്ക് പിന്തുണ നൽകേണ്ടതുണ്ട്.