Indian Cricket 2026 Schedule: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരക്കോട് തിരക്ക്; 2026ല്‍ ഒരു ഫോര്‍മാറ്റിലും ‘പഞ്ഞ’മില്ല; പ്രധാന ദൗത്യം ടി20 ലോകകപ്പ്
India’s Cricket Calendar 2026: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 2026 തിരക്കേറിയ വര്‍ഷം. ടി20 ലോകകപ്പും ഏഷ്യന്‍ ഗെയിംസുമടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളാണ് കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെയാണ് ഇന്ത്യന്‍ ടീം 2026 ആരംഭിക്കുന്നത്

Hardik Pandya, Jasprit Bumrah, Sanju Samson
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 2026 തിരക്കേറിയ വര്‍ഷമാകും. ഐസിസി ടി20 ലോകകപ്പും ഏഷ്യന്‍ ഗെയിംസുമടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളാണ് 2026ല്‍ കാത്തിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയോടെയാണ് ഇന്ത്യന്‍ പുരുഷ ടീം 2026 ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും, അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും ജനുവരിയില്‍ നടക്കും. ഇതില്‍ ജനുവരി 31ന് നടക്കുന്ന മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും.
ആരാധകര്‍ കാത്തിരിക്കുന്ന ടി20 ലോകകപ്പ് ഫെബ്രുവരിയില്‍ നടക്കും. ഫെബ്രുവരി 7, 12, 15, 18 തീയതികളിലാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ചെറിയൊരു ഇടവേളയുണ്ട്. ഈ ഗ്യാപില്‍ ഐപിഎല്‍ നടക്കും.
ഇതിന് ശേഷം ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെ പരമ്പര നടക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും, മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും നടക്കും. ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന വൈറ്റ് ബോള്‍ മത്സരങ്ങളുടെ തീയതി മാത്രമാണ് ഇതുവരെ പുറത്തുവിട്ടിട്ടുള്ളത്.
ഓഗസ്ത് മുതലുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ പുറത്തുവരുന്നതേയുള്ളൂ. ഓഗസ്തില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തും. സെപ്തംബറില്‍ അഫ്ഗാനിസ്ഥാനെതിരെയും, വെസ്റ്റ് ഇന്‍ഡീസിനെതിരെയും മത്സരങ്ങളുണ്ട്.
സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഏഷ്യന്‍ ഗെയിംസ് നടക്കും. ഏഷ്യന്‍ ഗെയിംസില്‍ ടി20 ക്രിക്കറ്റും ഒരു മത്സര ഇനമാണ്. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഭാഗമാകും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ നടക്കും. ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളോടെ ഇന്ത്യ 2026ലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കും.