India Women vs Australia Women: ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ; ഇന്ത്യയെ നാണംകെടുത്തി ഓസ്ട്രേലിയൻ വനിതകൾ
Australia Women Record Score vs India: ഇന്ത്യൻ വനിതകൾക്കെതിരെ റെക്കോർഡ് സ്കോറുമായി ഓസ്ട്രേലിയ. 412 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയത്.
മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ നാണംകെടുത്തി ഓസ്ട്രേലിയൻ വനിതകൾ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 47.5 ഓവറിൽ 412 റൺസിന് ഓൾ ഔട്ടായി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്. ഓസ്ട്രേലിയക്കായി ബെത്ത് മൂണി സെഞ്ചുറി നേടിയപ്പോൾ ജോർജിയ വോൾ, എലീസ് പെറി, എന്നിവർ ഫിഫ്റ്റിയടിച്ചു.
രണ്ടാം ഏകദിനത്തിലെ മോശം തോൽവിയുടെ പ്രതികാരമായാണ് ഓസ്ട്രേലിയ ഇന്ന് കളത്തിലിറങ്ങിയത്. ക്യാൻസർ ബോധവത്കരണത്തിൻ്റെ ഭാഗമായി പിങ്ക് ജഴ്സി അണിഞ്ഞിറങ്ങിയ ടീം ഇന്ത്യയുടെ ഫീൽഡിംഗ് അമ്പേ പരാജയമായപ്പോൾ ആദ്യ പന്ത് മുതൽ ഓസ്ട്രേലിയ കത്തിക്കയറി. ആദ്യ പന്ത് മുതൽ ആക്രമിച്ചുകളിച്ച ക്യാപ്റ്റൻ എലീസ ഹീലി 18 പന്തിൽ 30 റൺസ് നേടി മടങ്ങി. രണ്ടാം വിക്കറ്റിൽ ജോർജിയ വോളും എലീസ് പെറിയും ഒത്തുചേർന്നു. വോൾ ഏകദിന ശൈലിയിൽ ആഞ്ഞടിച്ചപ്പോൾ പെറി കുറച്ച് സമാധാനത്തിലായിരുന്നു.
Also Read: Asia Cup 2025: ‘ഐസിസിയും ഏഷ്യാ കപ്പും പോയി തുലയട്ടെ’; ബഹിഷ്കരണ യോഗത്തിൽ പിസിബി പറഞ്ഞതെന്ത്?




107 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടിനൊടുവിൽ വോൾ മടങ്ങി. 68 പന്തിൽ 81 റൺസാണ് വോൾ നേടിയത്. പിന്നാലെയെത്തിയ ബെത്ത് മൂണിയും അപാര ഫോമിലായിരുന്നു. ബൗണ്ടറികളുടെ ഘോഷയാത്ര തീർത്ത താരം 31 പന്തിൽ ഫിഫ്റ്റി തികച്ചു. ഇതിനിടെ എലീസ് പെറി പവലിയനിൽ മടങ്ങിയെത്തി. 72 പന്തിൽ 68 റൺസ് നേടിയ പെറി മൂണിയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ 106 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് പുറത്തായത്.
നാലാം വിക്കറ്റിലെത്തിയ ആഷ്ലി ഗാർഡ്നറും ആക്രമിച്ച് കളിച്ചു. ഇതിനിടെ വെറും 57 പന്തിൽ മൂണി സെഞ്ചുറിയിലെത്തി. സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടർന്ന മൂണിയ്ക്കൊപ്പം ഗാർഡ്നറും ചേർന്നതോടെ റൺസ് 300ഉം കടന്ന് കുതിച്ചു. 82 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. പിന്നാലെ ഓസ്ട്രേലിയക്ക് ഒരു മിനി തകർച്ച. ഗാർഡ്നർ (39), മൂണി (75 പന്തിൽ 138), തഹ്‌ലിയ മഗ്രാത്ത് (14), ഗ്രേസ് ഹാരിസ് (1), ജോർജിയ വെയർഹാം (16) എന്നിവരൊക്കെ വേഗം പുറത്തായെങ്കിലും വാലറ്റത്തിൻ്റെ പ്രകടനങ്ങൾ ഓസ്ട്രേലിയയെ 400 കടത്തുകയായിരുന്നു.