AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kartik Sharma: സഞ്ജുവിന്റെ ബാക്ക് അപ്പ്? മുടക്കിയത് 14.20 കോടി; കാര്‍ത്തിക്കിനെ ചെന്നൈ എവിടെ കളിപ്പിക്കും?

Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയ കരുനീക്കങ്ങള്‍ ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. കാര്‍ത്തിക് ശര്‍മയ്ക്കും, പ്രശാന്ത് വീറിനും 14.20 കോടി രൂപ വീതമാണ് ചെന്നൈ മുടക്കിയത്

Kartik Sharma: സഞ്ജുവിന്റെ ബാക്ക് അപ്പ്? മുടക്കിയത് 14.20 കോടി; കാര്‍ത്തിക്കിനെ ചെന്നൈ എവിടെ കളിപ്പിക്കും?
Kartik SharmaImage Credit source: CSK-Facebook
jayadevan-am
Jayadevan AM | Updated On: 16 Dec 2025 19:48 PM

പിഎല്‍ താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയ കരുനീക്കങ്ങള്‍ ആരാധകരെ അതിശയിപ്പിച്ചിരിക്കുകയാണ്. യുവതാരങ്ങളായ കാര്‍ത്തിക് ശര്‍മയ്ക്കും, പ്രശാന്ത് വീറിനും 14.20 കോടി രൂപ വീതമാണ് ചെന്നൈ മുടക്കിയത്. ഓള്‍ റൗണ്ടറായ പ്രശാന്തിനെ ചെന്നൈ ടീമിലെത്തിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി സ്പിന്‍ ഓള്‍റൗണ്ടറായ പ്രശാന്തിനെ വളര്‍ത്തുകയാണ് ചെന്നൈയുടെ ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള പ്രശാന്തിനെ ചെന്നൈ ട്രയല്‍സിന് വിളിച്ചിരുന്നു. ചെന്നൈ പ്രശാന്തിന് പുറകെ തന്നെയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കം.

എന്നാല്‍ യുവ വിക്കറ്റ് കീപ്പറായ കാര്‍ത്തിക് ശര്‍മയ്ക്ക് ചെന്നൈ 14.20 കോടി രൂപ മുടക്കിയത് അപ്രതീക്ഷിതമായി. ചെന്നൈ ടീമില്‍ ഇതിനകം തന്നെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരുണ്ട്. എംഎസ് ധോണി, സഞ്ജു സാംസണ്‍, ഉര്‍വിള്‍ പട്ടേല്‍ എന്നിവര്‍.

Also Read: Vignesh Puthur: മലയാളിയില്ലാതെ എന്ത് രാജസ്ഥാന്‍ റോയല്‍സ്? വിഗ്നേഷ് പുത്തൂര്‍ ഇനി പിങ്ക് ജഴ്‌സിയില്‍

ഇതില്‍ സഞ്ജുവും, ധോണിയും പ്ലേയിങ് ഇലവനിലുണ്ടാകുമെന്ന് ഉറപ്പാണ്. ഉര്‍വിള്‍ പട്ടേലും അന്തിമ ഇലവനില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്. ഈ പശ്ചാത്തലത്തില്‍ കാര്‍ത്തിക് ശര്‍മ വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്താന്‍ സാധ്യത കുറവാണ്. സഞ്ജുവടക്കമുള്ള വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ബാക്ക് അപ്പായി മാത്രമാണ് നിലവില്‍ കാര്‍ത്തിക്കിനെ പരിഗണിക്കാന്‍ സാധ്യത.

സിഎസ്‌കെയുടെ പ്ലേയിങ് ഇലവനും 70 ശതമാനത്തോളം സെറ്റാണ്. ആയുഷ് മാത്രെ, സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ്, ഉര്‍വിള്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി തുടങ്ങിയവര്‍ ബാറ്റര്‍മാരായി പ്ലേയിങ് ഇലവനിലെത്തും. ഈ ഓര്‍ഡറില്‍ കാര്‍ത്തിക് ശര്‍മയെ ബാറ്ററായി മാത്രം പരിഗണിച്ചാലും എവിടെ ഉള്‍ക്കൊള്ളിക്കും എന്നതാണ് ചോദ്യം.

14.20 കോടിക്ക് ടീമിലെത്തിച്ച കാര്‍ത്തിക്കിനെയും പ്രശാന്തിനെയും തുടര്‍ച്ചയായി ബെഞ്ചിലിരുത്തുകയും അത്ര എളുപ്പമല്ല. എന്തായാലും, അപാകതകളില്ലാത്ത ഒരു പ്ലേയിങ് ഇലവന്‍ കണ്ടെത്താന്‍ സിഎസ്‌കെ കുറച്ചധികം കഷ്ടപ്പെടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.