IPL 2026: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; നാലു ടീമുകള്‍ക്കും ‘ക്യാപ്റ്റന്മാര്‍’ തലവേദന
CSK vs GT and LSG vs KKR: ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് 3.30-ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും, ഗുജറാത്ത് ടൈറ്റന്‍സും, വൈകിട്ട് 7.30-ന് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.

റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്
ചെന്നൈ, 25-04-2026: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് 3.30-ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും, ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് മത്സരം. ക്യാപ്റ്റന്മാരാണ് നാലു ടീമുകളുടെയും തലവേദന.
ചെന്നൈ സൂപ്പര്‍ കിങ്‌സ്
പോയിന്റ് ടേബിളില്‍ ഏഴാമതാണ് റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഏഴു മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ചു നാലെണ്ണം തോറ്റു. ആറു പോയിന്റുണ്ട്. റുതുരാജിന്റെ മോശം ഫോമാണ് തലവേദന. മിന്നും ഫോമിലുള്ള മലയാളിതാരം സഞ്ജു സാംസണാണ് ചെന്നൈയുടെ പ്രതീക്ഷ. എംഎസ് ധോണി ഇന്നത്തെ മത്സരത്തില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. പരിക്കേറ്റ ആയുഷ് മാത്രെയ്ക്ക് പകരമായി ആകാശ് മധ്‌വാളിനെ ടീമിലെത്തിച്ചിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സ്
ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ ഏഴാമതാണ്. ചെന്നൈയെ പോലെ മൂന്നെണ്ണത്തില്‍ ജയിക്കുകയും, നാലെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. സ്വന്തമായുള്ളത് ആറു പോയിന്റ്. റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും, സായ് സുദര്‍ശന്റെയും മോശം സ്‌ട്രൈക്ക്‌റേറ്റാണ് ഗുജറാത്തിന്റെ ആശങ്ക. കഴിഞ്ഞ ദിവസം ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. അതിന് മുമ്പ് മുംബൈ ഇന്ത്യന്‍സിനോട് നടന്ന മത്സരത്തില്‍ 99 റണ്‍സിനും തോറ്റു. തുടര്‍തോല്‍വികളില്‍ വലയുന്ന ഗുജറാത്ത് ഇന്നത്തെ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേവ്‌സ്. ഏഴു മത്സരങ്ങളില്‍ ജയിച്ചത് ഒരെണ്ണത്തില്‍ മാത്രം. അഞ്ച് മത്സരങ്ങളിലും തോറ്റു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച ഫിന്‍ അലന്‍, ടിം സെയിഫെര്‍ട്ട്, റോവ്മാന്‍ പവല്‍ തുടങ്ങിയ താരങ്ങള്‍ക്കൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായിട്ടില്ല. സുനില്‍ നരൈനും, വരുണ്‍ ചക്രവര്‍ത്തിയും, റിങ്കു സിങും പല മത്സരങ്ങളിലും നിരാശപ്പെടുത്തി. എങ്കിലും റിങ്കു കഴിഞ്ഞ മത്സരത്തില്‍ ഫോമിലെത്തിയത് ആശ്വാസമാണ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അവസ്ഥയും പരിതാപകരമാണ്. പോയിന്റ് ടേബിളില്‍ ഒമ്പതാമതാണ്. ഏഴു മത്സരങ്ങളില്‍ ജയിച്ചത് രണ്ടെണ്ണത്തില്‍ മാത്രം. അഞ്ചിലും തോറ്റു. നേടിയത് നാലു പോയിന്റുകള്‍ മാത്രം. ക്യാപ്റ്റന്‍ ഋഷഭ് പന്ത് അടക്കമുള്ളവര്‍ പുറത്തെടുക്കുന്നത് നിരാശജനകമായ പ്രകടനം. മിച്ചല്‍ മാര്‍ഷും, ആയുഷ് ബദോനിയും, മുകുള്‍ ചൗധരിയും മാത്രമാണ് ബാറ്റിങില്‍ അല്‍പമെങ്കിലും ഭേദം. ഐഡന്‍ മര്‍ക്രം, നിക്കോളാസ് പുരന്‍ അടക്കമുള്ളവര്‍ ഫോം ഔട്ടിലാണ്.