IPL Auction 2026 Live Streaming: പ്രതീക്ഷയോടെ 359 താരങ്ങള്‍; ഐപിഎല്‍ താരലേലം എപ്പോള്‍, എവിടെ കാണാം? അറിയേണ്ടതെല്ലാം
IPL 2026 Auction Date, Time: ഐപിഎല്‍ മിനി താരലേലം നാളെ നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് അബുദാബിയിലെ എത്തിഹാദ് അരീനയിൽ ലേലം നടക്കും
അബുദാബി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ മിനി താരലേലം നാളെ (ഡിസംബര്‍ 15) നടക്കും. പ്രമുഖ ഇന്ത്യന്‍ താരങ്ങളെല്ലാം ഇതിനകം ഏതെങ്കിലും ഫ്രാഞ്ചെസികളില്‍ നിലനിര്‍ത്തപ്പെടുകയോ, ട്രേഡ് ചെയ്യപ്പെടുകയോ ചെയ്തതിനാല്‍ അവര്‍ താരലേലത്തിന്റെ ഭാഗമല്ല. വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ് തുടങ്ങിയ ഏതാനും പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ലേലത്തിനുള്ളത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ നിരവധി താരങ്ങള്‍ ‘അണ്‍ക്യാപ്ഡ്’ വിഭാഗത്തിലുണ്ട്. ഒപ്പം നിരവധി വിദേശ താരങ്ങളും ലേലത്തിന്റെ ഭാഗമായതിനാല്‍ ആവേശം ഒട്ടും കുറയില്ല.
‘അണ്‍ക്യാപ്ഡ്’ താരങ്ങള്‍ ലേലത്തില്‍ തിളങ്ങാനാണ് സാധ്യത. 11 മലയാളി താരങ്ങളാണ് ലേലത്തിനുള്ളത്. താരലേലത്തിന് മുമ്പ് സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്തു. വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തി.
ഈഡന്‍ ആപ്പിള്‍ ടോം, വിഗ്നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്ത്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായര്‍, മുഹമ്മദ് ഷറഫുദ്ദീന്‍, അഖില്‍ സ്‌കറിയ, കെഎം ആസിഫ് എന്നീ മലയാളി താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. ഹൈദരാബാദിന്റെ മലയാളി താരമായ ആരോണ്‍ വര്‍ഗീസും ലേലത്തിനുണ്ട്. നിലവില്‍ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മിന്നും ഫോമിലാണ് ആരോണ്‍. സച്ചിന്‍ ബേബിയും, എംഡി നിധീഷും ലേലപ്പട്ടികയിലില്ല.
ആഭ്യന്തര ക്രിക്കറ്റില്‍ അത്ര സുപരിചിതരല്ലാത്ത ശ്രീഹരിയും, ജിക്കുവും ലേലത്തില്‍ ഉള്‍പ്പെട്ടത് അപ്രതീക്ഷിതമായി. കഴിഞ്ഞ തവണ വിഗ്നേഷ് പുത്തൂര്‍ ലേലത്തില്‍ വന്നതിന് സമാനമായിരുന്നു ഇരുവരുടെയും എന്‍ട്രി. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിരുന്ന ജിക്കുവിനെ ഇത്തവണ മുംബൈ ടീമിലെത്തിക്കാനാണ് സാധ്യത.
എപ്പോള്‍, എവിടെ കാണാം?
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് (ഇന്ത്യൻ സമയം) അബുദാബിയിലെ എത്തിഹാദ് അരീനയിൽ ലേലം നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ജിയോഹോട്ട്‌സ്റ്റാര്‍ എന്നിവയില്‍ തത്സമയം കാണാം. 42 സെറ്റുകളിലായി 359 താരങ്ങളെയാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. 1,355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 244 ഇന്ത്യക്കാരെയും 115 വിദേശ താരങ്ങളെയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. 31 വിദേശ സ്ലോട്ടുകൾ ഉൾപ്പെടെ ആകെ 77 സ്ലോട്ടുകൾ ലഭ്യമാണ്. ഐപിഎൽ 2026 ലേലത്തിൽ ടീമുകൾക്ക് റൈറ്റ് ടു മാച്ച് ലഭ്യമാകില്ല.