IPL 2026 Orange Cap: ഓറഞ്ച് ക്യാപ് പോരാട്ടം വീണ്ടും ചൂടുപിടിക്കുന്നു; സഞ്ജു വീണ്ടും ടോപ് ഫൈവില്‍
Indian Premier League Orange Cap 2026 Battle: ഓറഞ്ച് ക്യാപ് പോരാട്ടം ചൂടുപിടിക്കുന്നു. കെഎല്‍ രാഹുലാണ് ഒന്നാമത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലെ 'മാച്ച് വിന്നിങ്' പ്രകടനത്തോടെ സഞ്ജു സാംസണ്‍ വീണ്ടും ആദ്യ അഞ്ചിലെത്തി. അഭിഷേക് ശര്‍മയാണ് രണ്ടാമത്.

സഞ്ജു സാംസണും കെ എൽ രാഹുലും
Orange Cap, 6-5-2026: ഐപിഎല്‍ 2026-ലെ ഓറഞ്ച് ക്യാപ് പോരാട്ടം ചൂടുപിടിക്കുന്നു. കെഎല്‍ രാഹുലാണ് ഒന്നാമത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലെ ‘മാച്ച് വിന്നിങ്’ പ്രകടനത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ആദ്യ അഞ്ചിലെത്തി. അഞ്ചാമതുള്ള സഞ്ജു 10 മത്സരങ്ങളില്‍ നിന്ന് 402 റണ്‍സാണ് ഇതുവരെ നേടിയത്. ഒന്നാമത് തുടരുന്ന രാഹുല്‍ 10 മത്സരങ്ങളില്‍ നിന്ന് 445 റണ്‍സ് അടിച്ചുകൂട്ടി. ഏപ്രില്‍ 25-ന് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ പുറത്താകാതെ നേടിയ 152 റണ്‍സാണ് രാഹുലിന് കുതിപ്പ് സമ്മാനിച്ചത്.
ഇത് കൂടാതെ മൂന്ന് അര്‍ധ സെഞ്ചുറിയും രാഹുല്‍ നേടി. 10 മത്സരങ്ങളില്‍ നിന്ന് 440 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് രണ്ടാമത്. ഏപ്രില്‍ 21-ന് ഡല്‍ഹിക്കെതിരെ മത്സരത്തില്‍ പുറത്താകാതെ 68 പന്തില്‍ 135 റണ്‍സ് നേടിയതാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അഭിഷേകിനെ മുന്‍നിരയിലെത്തിച്ചത്. രാഹുലിനെ പോലെ അഭിഷേകും ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും ഇതുവരെ നേടി.
വാശിയേറിയ പോരാട്ടം
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെയിന്റിച്ച് ക്ലാസനാണ് മൂന്നാമത്. 10 മത്സരങ്ങളില്‍ നിന്ന് 425 റണ്‍സാണ് ക്ലാസന്‍ നേടിയത്. ക്ലാസന്‍ ഇതുവരെ നാലു അര്‍ധ സെഞ്ചുറികള്‍ നേടി. രാജസ്ഥാന്‍ റോയല്‍സിന്റെ 15-കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് നാലാമത്. വൈഭവ് ഇതുവരെ 404 റണ്‍സുകള്‍ നേടി. ഒരു സെഞ്ചുറിയും, രണ്ട് അര്‍ധ സെഞ്ചുറിയും ഈ പതിനഞ്ചുകാരന്‍ പയ്യന്‍ അടിച്ചുകൂട്ടി. ടോപ് 15-ല്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ളതും വൈഭവിനാണ്. 237.64 ആണ് സ്‌ട്രൈക്ക് റേറ്റ്.
Also Read: Sanju Samson: ‘ഡല്‍ഹിക്കെതിരെ സെഞ്ചുറി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു’; സഞ്ജുവിന്റെ വെളിപ്പെടുത്തല്‍
മിന്നും സഞ്ജു
ഇതുവരെ കളിച്ച 10 മത്സരങ്ങളിൽ നിന്നായി 57.43 ശരാശരിയിലും 167.50 സ്ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും ഉൾപ്പെടെ 402 റൺസ് സഞ്ജു നേടിയിട്ടുണ്ട്. ഈ സീസണുകളില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജുവാണ്. സായ് സുദര്‍ശന്‍ (385 റണ്‍സ്), റിയാന്‍ റിക്കല്‍ട്ടണ്‍ (380 റണ്‍സ്), വിരാട് കോലി (379 റണ്‍സ്), ശുഭ്മാന്‍ ഗില്‍ (378 റണ്‍സ്), പ്രഭ്‌സിമ്രാന്‍ സിങ് (361 റണ്‍സ്) എന്നിവരാണ് ആറു മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളവര്‍.
വാര്‍ണറെ മറികടന്നു
അതേസമയം, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളില്‍ സഞ്ജു ആറാമതെത്തി. ഡേവിഡ് വാര്‍ണറെയാണ് സഞ്ജു മറികടന്നത്. 182 ഇന്നിങ്‌സുകളില്‍ നിന്ന് 240 സിക്‌സുകളാണ് സഞ്ജു പായിച്ചത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം ആരംഭിക്കും മുമ്പ് 234 സിക്‌സുകളാണ് സഞ്ജുവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ആറു സിക്‌സുകളാണ് താരം പറത്തിയത്. 236 സിക്‌സുകളാണ് വാര്‍ണറിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 232 സിക്‌സുകളുമായി എട്ടാമതുള്ള കെഎല്‍ രാഹുല്‍ സഞ്ജുവിന്റെ തൊട്ടുപിന്നാലെയുണ്ട്. ക്രിസ് ഗെയ്ല്‍ (352 സിക്‌സുകള്‍), രോഹിത് ശര്‍മ (317 സിക്‌സുകള്‍), വിരാട് കോലി (306 സിക്‌സുകള്‍), എംഎസ് ധോണി (264 സിക്‌സുകള്‍), എബി ഡി വില്ലിയേഴ്‌സ് (251 സിക്‌സുകള്‍) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്.
English Summary
The battle for the Orange Cap in IPL 2026 is intensifying. With the completion of matches till May 5, KL Rahul is in first place. Abhishek Sharma is in second place. Vaibhav Sooryavanshi continues to be in third place. Sanju Samson has reached the fifth spot.