T20 World Cup 2026: ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി കേട്ടു? ടി20 ലോകകപ്പ് റീ ഷെഡ്യൂള്‍ ചെയ്‌തേക്കും
T20 World Cup 2026 Fresh Schedule: ഇന്ത്യയിൽ കളിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നല്‍കിയ കത്ത് ഐസിസി പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് 2026 റീഷെഡ്യൂള്‍ ചെയ്‌തേക്കുമെന്നാണ് സൂചന
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) നല്‍കിയ കത്ത് ഐസിസി പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ ടി20 ലോകകപ്പ് 2026 റീഷെഡ്യൂള്‍ ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ പുറത്താക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് ബിസിബി ഇടഞ്ഞത്.
ടൂർണമെന്റിനായി പുതിയ ഷെഡ്യൂൾ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ഐസിസി ചെയർമാൻ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി ആരംഭിച്ചതായി ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബിസിബിയുടെ ആവശ്യം.
ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഇതിനു മുമ്പ് ഷെഡ്യൂള്‍ പുനഃക്രമീകരിക്കുന്നതാണ് വെല്ലുവിളി. ബംഗ്ലാദേശിന്റെ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നെണ്ണം കൊല്‍ക്കത്തയിലും, ഒരെണ്ണം മുംബൈയിലുമായിരുന്നു നടക്കേണ്ടിയിരുന്നത്. ഐപിഎല്ലിൽ നിന്ന് മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയ ബിസിസിഐയുടെ നിലപാടിനെതിരെ ബംഗ്ലാദേശ് സർക്കാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് വേദി മാറ്റണമെന്ന് ബിസിബി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ബംഗ്ലാദേശ് ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങൾക്കും രാജ്യത്തിനും നേരെയുള്ള ഒരു അപമാനവും സഹിക്കില്ലെന്നും, അടിമത്തത്തിന്റെ നാളുകള്‍ കഴിഞ്ഞെന്നുമായിരുന്നു ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ യുവജന-കായിക ഉപദേഷ്ടാവായ ആസിഫ് നസ്രുൾ ഫേസ്ബുക്കിൽ കുറിച്ചത്.
കരാർ ഉണ്ടായിരുന്നിട്ടും ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരന് ഇന്ത്യയിൽ കളിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കില്‍, ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ സുരക്ഷിതമായിരിക്കില്ല. ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന് ആവശ്യപ്പെടാന്‍ ബിസിബിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആസിഫ് നസ്രുൾ വെളിപ്പെടുത്തിയിരുന്നു.