Salman Nizar: സല്‍മാന്‍ നിസാര്‍ ‘അതിരടി മാസ്’, അറഞ്ചം പുറഞ്ചം ബൗണ്ടറി മഴ; അവസാന രണ്ടോവറില്‍ 11 സിക്‌സറുകള്‍
Kerala cricket league 2025 Calicut Globstars vs Adani Trivandrum Royals: കഷ്ടിച്ച് 100 കടക്കുമെന്ന് തോന്നിച്ച മത്സരത്തില്‍, സല്‍മാന്റെ വീരോചിത പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 186 റണ്‍സാണ് കാലിക്കറ്റ് അടിച്ചുകൂട്ടിയത്. ഇതില്‍ 86 റണ്‍സും സല്‍മാന്റെ സംഭാവനയായിരുന്നു. വെറും 26 പന്തിലാണ് താരം 86 റണ്‍സെടുത്തത്.

Calicut Globstars
തിരുവനന്തപുരം: അവസാന രണ്ടോവറുകളില്‍ സല്‍മാന്‍ നിസാര്‍ സൃഷ്ടിച്ച സിക്‌സര്‍ മഴയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. കഷ്ടിച്ച് 100 കടക്കുമെന്ന് തോന്നിച്ച മത്സരത്തില്‍, സല്‍മാന്റെ വീരോചിത പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 186 റണ്‍സാണ് കാലിക്കറ്റ് അടിച്ചുകൂട്ടിയത്. ഇതില്‍ 86 റണ്‍സും സല്‍മാന്റെ സംഭാവനയായിരുന്നു. വെറും 26 പന്തിലാണ് താരം 86 റണ്‍സെടുത്തത്. അവസാന രണ്ടോവറില്‍ 11 സിക്‌സറുകളാണ് താരം പായിച്ചത്. 19-ാം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ ഉള്‍പ്പെടെ 31 റണ്‍സാണ് സല്‍മാന്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറുകളിലെ ആറു പന്തും സിക്‌സര്‍ പറത്തി. അവിചാരിതമായ കിട്ടിയ എക്‌സ്ട്രാസുകളുടെ പിന്‍ബലത്തില്‍ 40 റണ്‍സാണ് അവസാന ഓവറില്‍ കാലിക്കറ്റിന് ലഭിച്ചത്.
18 ഓവറുകള്‍ പിന്നിടുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയില്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ആ സമയം 13 പന്തില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു സല്‍മാന്‍. ബേസില്‍ തമ്പി എറിഞ്ഞ 19-ാം ഓവറിലാണ് താരം ഗിയര്‍ മാറ്റിയത്. ബേസിലിനെ നിഷ്‌കരുണം പ്രഹരിച്ച സല്‍മാന്‍ ആദ്യ അഞ്ച് പന്തും സിക്‌സര്‍ കടത്തി. അവസാന പന്തില്‍ സിംഗിള്‍ നേടി സ്‌ട്രൈക്ക് നിലനിര്‍ത്തി.
ബേസിലിന് ശേഷം സല്‍മാന്റെ പ്രഹരം ഏറ്റുവാങ്ങാനെത്തിയത് അഭിജിത്ത് പ്രവീണായിരുന്നു. അഭിജിത്ത് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് സല്‍മാന്‍ ബൗണ്ടറി ലൈനിന് അപ്പുറത്തേക്ക് പറത്തി. ഇതോടെ താളം നഷ്ടപ്പെട്ട അഭിജിത്തിന്റെ തൊട്ടടുത്ത പന്ത് വൈഡായി. പിന്നീട് എറിഞ്ഞ പന്ത് നോബോള്‍. ആ പന്തില്‍ കാലിക്കറ്റ് ബാറ്റര്‍മാരായ സല്‍മാനും, മോനു കൃഷ്ണയും രണ്ട് റണ്‍സ് ഓടിയെടുത്തു. തുടര്‍ന്ന് കിട്ടിയ അഞ്ച് പന്തുകളും സല്‍മാന്‍ ‘അറഞ്ചം പുറഞ്ചം’ സിക്‌സര്‍ പറത്തി.
കാലിക്കറ്റിന്റെ ബാറ്റിങില്‍ സല്‍മാന്റെ പ്രകടനം മാത്രമായിരുന്നു ഹൈലൈറ്റ്. എം അജ്‌നാസ് 51 റണ്‍സെടുത്തെങ്കിലും ബാറ്റിങ് മന്ദഗതിയിലായിരുന്നു. 50 റണ്‍സിലാണ് അജ്‌നാസ് 51 റണ്‍സെടുത്തത്. മറ്റ് ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. ട്രിവാന്‍ഡ്രം റോയല്‍സിനായി ആസിഫ് സലാമും, എം നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.