KCL 2025: ജയത്തിനരികെ വീണ് കൊല്ലം സെയിലേഴ്സ്; ആലപ്പി റിപ്പിൾസിന് രണ്ട് റൺസിൻ്റെ ആവേശജയം
Ripples Wins Against Sailors: കെസിഎലിൽ കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് ആലപ്പി റിപ്പിൾസ്. രണ്ട് റൺസിൻ്റെ ആധികാരിക ജയമാണ് റിപ്പിൾസ് നേടിയത്.

ആലപ്പി റിപ്പിൾസ്
കെസിഎലിൽ രണ്ടാം ജയവുമായി ആലപ്പി റിപ്പിൾസ്. നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിനെ രണ്ട് റൺസിനാണ് റിപ്പിൾസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത റിപ്പിൾസ് 183 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സെയിലേഴ്സിന് 180 റൺസ് നേടാനേ സാധിച്ചുള്ളൂ.
താരതമ്യേന വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സെയിലേഴ്സിൻ്റെ ടോപ്പ് ഓർഡറിനും മിഡിൽ ഓർഡറിനും കാര്യമായ സംഭാവന നൽകാനായില്ല. അഭിഷേക് ജെ നായർ (2) വേഗം മടങ്ങി. വിഷ്ണു വിനോദ് (22), സച്ചിൻ ബേബി (18), വത്സൽ ഗോവിന്ദ് (13), എംഎസ് അഖിൽ (14), രാഹുൽ ശർമ്മ (16), സച്ചിൻ പിഎസ് (18) എന്നിവരും ഉയർന്ന സ്കോർ നേടാൻ കഴിയാതെ പുറത്തായി. ഒടുവിൽ, 22 പന്തിൽ 41 റൺസ് നേടിയ ഷറഫുദ്ദീനാണ് കൊല്ലത്തെ ജയത്തിനരികെ എത്തിച്ചത്. അവസാന ഓവറിൽ താരം പുറത്തായി. തുടർന്നുള്ള രണ്ട് പന്തുകളിൽ ബിജു നാരായണൻ തുടരെ രണ്ട് സിക്സറുകൾ നേടിയെങ്കിലും സെയിലേഴ്സിന് വിജയിക്കാനായില്ല. റിപ്പിൾസിനായി രാഹുൽ ചന്ദ്രനും മുഹമ്മദ് ഇനാനും മൂന്ന് വിക്കറ്റ് വീതം നേടി. 9 പന്തിൽ 21 റൺസ് നേടി ബാറ്റിംഗിലും തിളങ്ങിയ മുഹമ്മദ് ഇനാനാണ് കളിയിലെ താരം.
Also Read: KCL 2025: ജലജ് സക്‌സേന ‘സക്‌സസായി’; ആലപ്പി റിപ്പിൾസിന് ഭേദപ്പെട്ട സ്‌കോർ
ജലജ് സക്സേനയുടെ തകർപ്പൻ ഫിഫ്റ്റിയാണ് റിപ്പിൾസിനെ മികച്ച സ്കോറിലെത്തിച്ചത്. താരം 50 പന്തുകൾ നേരിട്ട് 85 റൺസ് നേടി. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 24 റൺസ് നേടി. മുഹമ്മദ് ഇനാനാണ് പിന്നെ മികച്ച പ്രകടനം നടത്തിയത്. ജയത്തോടെ ട്രിവാൻഡ്രം റോയൽസിനെ അവസാന സ്ഥാനത്തേക്ക് തള്ളി ആലപ്പി റിപ്പിൾസ് അഞ്ചാം സ്ഥാനത്തെത്തി. കൊല്ലം സെയിലേഴ്സ് നാലാമതാണ്. രണ്ട് ടീമുകൾക്കും നാല് പോയിൻ്റ് വീതമുണ്ട്.