Sanju Samson: കെസിഎല്ലിലെ ഓപ്പണിങ് സ്ഥാനത്ത് സഞ്ജുവിൻ്റെ നിറഞ്ഞാട്ടം; പക്ഷേ, ഏഷ്യാ കപ്പിൽ പ്രയോജനമാവില്ല
Sanju Samsons KCL Performances To Asia Cup: കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങൾ സഞ്ജുവിൻ്റെ ഏഷ്യാ കപ്പ് സാധ്യതകൾക്ക് തുണയാവുമോ? പലരും അത് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഇതിൽ മറ്റ് ചില കാര്യങ്ങളുണ്ട്.
കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസൺ പൊളിച്ചടുക്കുകയാണ്. മധ്യനിരയിൽ ഇറങ്ങിയ ഒരു കളി കാഴ്ചവച്ച മോശം പ്രകടത്തിന് ശേഷം ഓപ്പണിംഗിലെത്തിയപ്പോൾ കണ്ടത് മറ്റൊരു സഞ്ജുവിനെയാണ്. കെസിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയടക്കം ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും നേടിയ സഞ്ജു കേവലം നാല് ഇന്നിംഗ്സിൽ നിന്ന് 285 റൺസാണ് നേടിയത്. സീസണിലെ റൺ വേട്ടക്കാരിൽ രണ്ടാമത്. സിക്സറുകളുടെ എണ്ണത്തിൽ ഒന്നാമത്, 21 എണ്ണം.
ആദ്യ കളി സഞ്ജു ആറാം നമ്പറിലെത്തിയപ്പോൾ അതിനെ ഏഷ്യാ കപ്പുമായാണ് പലരും ബന്ധിപ്പിച്ചത്. സഞ്ജു ഏഷ്യാ കപ്പിലും മധ്യനിരയിൽ കളിച്ചേക്കുമെന്നും അതിനുള്ള തയ്യാറെടുപ്പാവാമെന്നുമായിരുന്നു നിരീക്ഷണം. അതേസമയം, സഞ്ജുവിന് പനിയായിരുന്നു എന്നും അതുകൊണ്ടാണ് ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങിയത് എന്നും റിപ്പോർട്ടുകളുയർന്നു. ട്രിവാൻഡ്രം റോയൽസിനെതിരായ ആദ്യ കളി സഞ്ജു ബാറ്റിംഗിനിറങ്ങിയില്ല. ആലപ്പി റിപ്പിൾസിനെതിരായ രണ്ടാം മത്സരത്തിലാണ് സഞ്ജു ആദ്യമായി കളിച്ചത്. ആറാം നമ്പരിലെത്തിയ താരം 22 പന്തുകൾ നേരിട്ട് 13 റൺസ് നേടി. ഇതോടെ സഞ്ജുവിനെതിരെ വ്യാപക വിമർശനങ്ങളുയർന്നു.
അടുത്ത കളി നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെയായിരുന്നു. 237 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊച്ചിയ്ക്ക് വേണ്ടി സഞ്ജു ഓപ്പൺ ചെയ്തു. 16 പന്തിൽ ഫിഫ്റ്റിയടിച്ച് കെസിഎലിലെ വേഗതയേറിയ അർദ്ധസെഞ്ചുറി. 42 പന്തിൽ സെഞ്ചുറി. 51 പന്തിൽ 121 റൺസ് നേടി പുറത്തായ സഞ്ജു ബ്ലൂ ടൈഗേഴ്സിൻ്റെ വിജയത്തിൽ നട്ടെല്ലായി. അടുത്ത കളി തൃശൂർ ടൈറ്റൻസിനെതിരെ 46 പന്തിൽ 89 റൺസ്. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെതിരായ അടുത്ത കളി കളിച്ചില്ല. കഴിഞ്ഞ മത്സരം റോയൽസിനെതിരെ. സഞ്ജു നേടിയത് 37 പന്തിൽ 62 റൺസ്.




Also Read: KCL 2025: ജയത്തിനരികെ വീണ് കൊല്ലം സെയിലേഴ്സ്; ആലപ്പി റിപ്പിൾസിന് രണ്ട് റൺസിൻ്റെ ആവേശജയം
നാല് ഇന്നിങ്സ്, 71 ശരാശരി, 182 സ്ട്രൈക്ക് റേറ്റ്. സാധാരണ ഗതിയിൽ സഞ്ജു ഏഷ്യാ കപ്പിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യണം. പക്ഷേ, ഇത് സാധാരണയല്ല. ടെംപ്ലേറ്റഡായ ടീമിനെയാണ് സെലക്ടർമാർ ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്തത്. ഒന്നാം നമ്പർ ടി20 ബാറ്ററിനൊപ്പം വൈസ് ക്യാപ്റ്റൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പറിൽ രണ്ടാം നമ്പർ ടി20 ബാറ്റർ. നാലാം നമ്പറിൽ ക്യാപ്റ്റൻ. ടോപ്പ് ഓർഡർ കഴിഞ്ഞു. അപ്പോൾ വിക്കറ്റ് കീപ്പർ? ലോവർ ഓർഡറിൽ, ഫിനിഷർ റോളുകളിൽ തിളങ്ങുന്ന ജിതേഷ് ശർമ്മ. ഇത് നേരത്തെ തന്നെ സെറ്റാണ്. ഗിൽ ഇല്ലാത്തതുകൊണ്ടാണ് സഞ്ജു ഓപ്പൺ ചെയ്തതെന്ന അഗാർക്കറിൻ്റെ പ്രസ്താവനയിൽ തെളിയുന്നതും ഇതാണ്. ടോപ്പ് ഓർഡറിൽ ഒഴിവാക്കാൻ കഴിയുന്ന ഒരേയൊരു പേരാണ് ശുഭ്മൻ ഗിൽ. 2024 ടി20 ലോകകപ്പിന് ശേഷം രാജ്യാന്തര ടി20യിൽ ഏറ്റവും മോശം സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യൻ താരമാണ് ഗിൽ. പക്ഷേ, വൈസ് ക്യാപ്റ്റനെ എങ്ങനെ ഒഴിവാക്കാനാണ്.
അതായതുത്തമാ, കെസിഎലിൽ സഞ്ജു ഇനിയൊരു അഞ്ച് സെഞ്ചുറി അടിച്ചാലും, ടോപ്പ് റൺ ഗെറ്ററായാലും ഏഷ്യാ കപ്പിൽ ബെഞ്ചിൽ തന്നെയിരിക്കും. ഇത് ഇന്ത്യൻ ക്രിക്കറ്റാണ്. ഇവിടെ ഇങ്ങനെയാണ്. വിരാട് കോലിക്ക് ശേഷം ശുഭ്മൻ ഗില്ലിനെ ത്രീ ഫോർമാറ്റ് പ്ലയറാക്കി, ബ്രാൻഡാക്കി, പണം കായ്ക്കുന്ന മരമാക്കാനുള്ള ബിസിസിഐയുടെ വ്യഗ്രതയിൽ ഇന്ത്യൻ ക്രിക്കറ്റ് ഇങ്ങനെ തുടരും.