AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: അഖില്‍ എംഎസിന്റെ തകര്‍പ്പന്‍ ഫിനിഷിങ്; ഏരീസ് കൊല്ലം സെയിലേഴ്‌സിന് അവിശ്വസനീയ ജയം

Aries Kollam Sailors beat Thrissur Titans In Kerala cricket league second season 17th Match: വമ്പനടികളുമായി അരങ്ങുവാണ എംഎസ് അഖില്‍ തൃശൂരിന്റെ അവസാന പ്രതീക്ഷകളില്‍ ആണിയടിച്ചു. പുറത്താകാതെ 12 പന്തില്‍ 44 റണ്‍സാണ് അഖില്‍ അടിച്ചുകൂട്ടിയത്. നാല് പന്തില്‍ ഏഴ് റണ്‍സെടുത്ത എജി അമലും പുറത്താകാതെ നിന്നു

KCL 2025: അഖില്‍ എംഎസിന്റെ തകര്‍പ്പന്‍ ഫിനിഷിങ്; ഏരീസ് കൊല്ലം സെയിലേഴ്‌സിന് അവിശ്വസനീയ ജയം
ഏരീസ് കൊല്ലം സെയിലേഴ്‌സ്‌ Image Credit source: facebook.com/AriesKollamSailors
jayadevan-am
Jayadevan AM | Published: 29 Aug 2025 20:03 PM

തിരുവനന്തപുരം: മഴ സൃഷ്ടിച്ച വിരസത എംഎസ് അഖിലിന്റെ വീരോചിത പ്രകടനത്തിലൂടെ മായിച്ചുകളഞ്ഞ് തൃശൂര്‍ ടൈറ്റന്‍സിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഏരീസ് കൊല്ലം സെയിലേഴ്‌സ്. മൂന്ന് വിക്കറ്റിനായിരുന്നു കൊല്ലത്തിന്റെ ജയം. 148 റണ്‍സ് വിജയലക്ഷ്യം 12.1 ഓവറില്‍ കൊല്ലം മറികടന്നു. മഴ മൂലം 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത തൃശൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണെടുത്തത്. വിജെഡി നിയമപ്രകാരം കൊല്ലത്തിന്റെ വിജയലക്ഷ്യം 148 റണ്‍സായി ക്രമീകരിക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ അപകടകാരിയായ വിഷ്ണു വിനോദിനെ പുറത്താക്കി കെ അജ്‌നാസ് കൊല്ലത്തിന് ആദ്യ ആഘാതം സമ്മാനിച്ചു. ഉജ്ജ്വല ഫോമിലുള്ള വിഷ്ണു പൂജ്യത്തിന് പുറത്തായതിന്റെ ഞെട്ടല്‍ മാറും മുമ്പേ മറ്റൊരു ഓപ്പണറായ അഭിഷേക് നായരും പുറത്തായി. ആറു പന്തില്‍ അഞ്ച് റണ്‍സെടുത്ത അഭിഷേക് ആദിത്യ വിനോദിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്.

എങ്കിലും തകര്‍ത്തടിച്ച് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നിലയുറപ്പിച്ചത് കൊല്ലത്തിന് ആശ്വാസമായി. ഇതിനിടെ അജ്‌നാസ് വീണ്ടും ആഞ്ഞടിച്ചു. ആറു പന്തില്‍ 13 റണ്‍സെടുത്ത ആഷിക്ക് മുഹമ്മദിനെ അജ്‌നാസ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. തൊട്ടുപിന്നാലെ 18 പന്തില്‍ 36 റണ്‍സെടുത്ത സച്ചിനെ ആദിത്യ വിനോദ് മടക്കിയതോടെ കൊല്ലം പരാജയം മുന്നില്‍ക്കണ്ടു.

അഞ്ചാമനായി ക്രീസിലെത്തിയ രാഹുല്‍ ശര്‍മയെയും നിലയുറപ്പിക്കാന്‍ തൃശൂര്‍ അനുവദിച്ചില്ല. 10 പന്തില്‍ 10 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഇഷാഖാണ് പുറത്താക്കിയത്. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത വത്സല്‍ ഗോവിന്ദും വന്ന പോലെ മടങ്ങി. വത്സലിനെ പുറത്താക്കിയതും അജ്‌നാസായിരുന്നു. ഇതിനിടെ കൂറ്റനടികളുമായി ഷറഫുദ്ദീന്‍ ഒരറ്റത്ത് നങ്കൂരമിട്ടു. 11 പന്തില്‍ 23 റണ്‍സെടുത്ത ഷറഫുദ്ദീനെ തൃശൂര്‍ ക്യാപ്റ്റന്‍ സിജോമോന്‍ പുറത്താക്കി.

Also Read: KCL 2025: കെസിഎല്ലില്‍ മഴക്കളി, ഓവറുകള്‍ വെട്ടിച്ചുരുക്കി; ടൈറ്റന്‍സിന് മികച്ച സ്‌കോര്‍

തുടര്‍ന്നായിരുന്നു മത്സരത്തിലെ ക്ലൈമാക്‌സ് എത്തിയത്. വമ്പനടികളുമായി അരങ്ങുവാണ എംഎസ് അഖില്‍ തൃശൂരിന്റെ അവസാന പ്രതീക്ഷകളില്‍ ആണിയടിച്ചു. പുറത്താകാതെ 12 പന്തില്‍ 44 റണ്‍സാണ് അഖില്‍ അടിച്ചുകൂട്ടിയത്. നാല് പന്തില്‍ ഏഴ് റണ്‍സെടുത്ത എജി അമലും പുറത്താകാതെ നിന്നു. തൃശൂരിനായി അജ്‌നാസ് മൂന്ന് വിക്കറ്റും, ആദിത്യ വിനോദ് രണ്ട് വിക്കറ്റും പിഴുതു. 29 പന്തില്‍ 51 റണ്‍സെടുത്ത ഷോണ്‍ റോജറും, പുറത്താകാതെ 14 പന്തില്‍ 44 റണ്‍സെടുത്ത എകെ അര്‍ജുനുമാണ് തൃശൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.