KCL 2025: കെസിഎല്ലില്‍ മഴക്കളി, ഓവറുകള്‍ വെട്ടിച്ചുരുക്കി; ടൈറ്റന്‍സിന് മികച്ച സ്‌കോര്‍
Kerala cricket league rain update: ടോസ് നേടിയ കൊല്ലം സെയിലേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത കൊല്ലം സെയിലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം ശരിയായെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു തുടക്കത്തില്‍ ബൗളര്‍മാരുടെ പ്രകടനം. മഴ മൂലം മത്സരം 13 ഓവറായി ചുരുക്കി.
തിരുവനന്തപുരം: തൃശൂര്‍ ടൈറ്റന്‍സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്‌സിന് 148 റണ്‍സ് വിജയലക്ഷ്യം. മഴ മൂലം 13 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. വിജെഡി നിയമപ്രകാരം വിജയലക്ഷ്യം 148 റണ്‍സായി നിശ്ചയിക്കുകയായിരുന്നു. 29 പന്തില്‍ 51 റണ്‍സെടുത്ത ഷോണ്‍ റോജറും, പുറത്താകാതെ 14 പന്തില്‍ 44 റണ്‍സെടുത്ത എകെ അര്‍ജുനുമാണ് തൃശൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ കൊല്ലം സെയിലേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത കൊല്ലം സെയിലേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം ശരിയായെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു തുടക്കത്തില്‍ ബൗളര്‍മാരുടെ പ്രകടനം. സ്‌കോര്‍ബോര്‍ഡ് ഇരുപതിലെത്തിയപ്പോഴേക്കും ടൈറ്റന്‍സിന് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു.
ആറു പന്തില്‍ രണ്ട് റണ്‍സെടുത്ത ആനന്ദ് കൃഷ്ണനെ ഈഡന്‍ ആപ്പിളും, ഉജ്ജ്വല ഫോമിലുള്ള അഹമ്മദ് ഇമ്രാനെ ഷറഫുദ്ദീനുമാണ് പുറത്താക്കിയത്. 11 പന്തില്‍ 16 റണ്‍സെടുത്താണ് അഹമ്മദ് ഇമ്രാന്‍ മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ വരുണ്‍ നായനാര്‍ 19 പന്തില്‍ 22 റണ്‍സെടുത്ത് മടങ്ങി. അഖില്‍ സജീവനായിരുന്നു വിക്കറ്റ്.
തുടര്‍ന്നാണ് ഷോണ്‍ റോജര്‍-എകെ അര്‍ജുന്‍ സഖ്യം ടൈറ്റന്‍സ് സ്‌കോര്‍ബോര്‍ഡിന് കുതിപ്പ് സമ്മാനിച്ചത്. കൊല്ലം സെയിലേഴ്‌സിനായി ഈഡന്‍ ആപ്പിള്‍ ടോം, ഷറഫുദ്ദീന്‍, അഖില്‍ സജീവന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.