KCL 2025: അവസാന പന്തിലെ വൈഡിൽ വിജയിച്ച് ആലപ്പി റിപ്പിൾസ്; കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിന് ഹൃദയഭേദകം
Ripples Wins Against Globstars: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ വീഴ്ത്തി ആലപ്പി റിപ്പിൾസ്. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലർ മത്സരത്തിലാണ് ഗ്ലോബ്സ്റ്റാഴ്സിൻ്റെ ജയം.
കെസിഎലിൽ വീണ്ടുമൊരു ത്രില്ലർ മത്സരം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിനെ തോല്പിച്ച ആലപ്പി റിപ്പിൾസാണ് മറ്റൊരു തകർപ്പൻ മത്സരത്തിൻ്റെ ഭാഗമായത്. 177 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ റിപ്പിൾസ് ഒരു പന്ത് ബാക്കിനിൽക്കെ രണ്ട് വിക്കറ്റിനാണ് വിജയിച്ചത്. അവസാന ഓവറിലെ ഇരട്ടവൈഡുകളാണ് ഗ്ലോബ്സ്റ്റാഴ്സിന് തിരിച്ചടിയായത്.
ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാഴ്സിൻ്റെ ടോപ്പ് ഓർഡറും മിഡിൽ ഓർഡറും പരാജയപ്പെട്ടപ്പോൾ പള്ളം അൻഫലും സൽമാൻ നിസാറും ചേർന്നാണ് ഇവരെ മികച്ച സ്കോറിലെത്തിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിൽ നിന്ന് ഒത്തുചേർന്ന സഖ്യം ആറാം വിക്കറ്റിൽ അപരാജിതമായ 105 റൺസാണ് കൂട്ടിച്ചേർത്തത്. അൻഫൽ 52 റൺസിലും സൽമാൻ 48 റൺസിലും നോട്ടൗട്ടാണ്. റിപ്പിൾസിനായി ശ്രീഹരി എസ് നായർ രണ്ട് വിക്കറ്റ് വീഴ്ത്തി.
Also Read: KCL 2025: അഖിൽ എംഎസിന്റെ തകർപ്പൻ ഫിനിഷിങ്; ഏരീസ് കൊല്ലം സെയിലേഴ്‌സിന് അവിശ്വസനീയ ജയം
മറുപടി ബാറ്റിംഗിൽ റിപ്പിൾസിന് മികച്ച തുടക്കം ലഭിച്ചു. മുഹമ്മദ് അസ്ഹറുദ്ദീൻ (39) ഗംഭീര തുടക്കം നൽകിയപ്പോൾ അഭിഷേക് പി നായർ (54) ടീമിനെ വിജയത്തിനരികെ എത്തിച്ചു. എന്നാൽ, അവിടെനിന്ന് തുടരെ വിക്കറ്റുകൾ നഷ്ടമായ റിപ്പിൾസ് അവിശ്വസനീയമായ തകർച്ചയിലേക്ക് വീണു. അവസാന ഓവറിൽ 14 റൺസായിരുന്നു വിജയലക്ഷ്യം. ഇബ്നുൽ അഫ്താബ് എറിഞ്ഞ ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയടിച്ച അരുൺ കെഎ തൊട്ടടുത്ത പന്തിൽ വീണു. ഒരു പന്തുകളിൽ ഏഴ് റൺസ് വേണ്ട സമയത്ത് ആദ്യം വൈഡ് ബോൾ വിക്കറ്റ് കീപ്പറിന് കയ്യിലൊതുക്കാനായില്ല. ബൗണ്ടറി. അടുത്ത പന്തിൽ വീണ്ടും വൈഡ്. ഇതും കീപ്പറിൻ്റെ കൈകളിൽ നിന്ന് വഴുതിപ്പോയി. ബാറ്റർമാർ ഒരു റൺ ഓടിയെടുക്കുകയും ചെയ്തു.
ജയത്തോടെ ആലപ്പി റിപ്പിൾസിന് ആറ് പോയിൻ്റായി. എങ്കിലും അവർ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ഇത്ര തന്നെ പോയിൻ്റുള്ള ഗ്ലോബ്സ്റ്റാഴ്സ് നാലാം സ്ഥാനത്തും.