Kerala Cricket Year Ender 2025: തുടക്കം കസറി, ഒടുക്കം പതറി; വിവാദങ്ങള്‍ അകമ്പടിയേകി ! കേരള ക്രിക്കറ്റിന്റെ 2025
Kerala Cricket Team Performance Analysis 2025: പ്രതീക്ഷകള്‍ സമ്മാനിച്ച തുടക്കവും, നിരാശ പകര്‍ന്ന ഒടുക്കവും, അതായിരുന്നു കേരള ക്രിക്കറ്റിന് 2025. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് 2025 സംഭവബഹുലമായിരുന്നു

Kerala Cricket Team
കേരള ക്രിക്കറ്റിനെ സംബന്ധിച്ച് 2025 സംഭവബഹുലമായിരുന്നു. നേട്ടങ്ങളും, കോട്ടങ്ങളും ഒരുപോലെ അനുഭവിച്ച വര്‍ഷം. ‘പ്രതീക്ഷകള്‍ സമ്മാനിച്ച തുടക്കവും, നിരാശ പകര്‍ന്ന ഒടുക്കവും’ അതായിരുന്നു കേരള ക്രിക്കറ്റിന് 2025. വിജയങ്ങളുടെ ഘോഷയാത്രയോടെയായിരുന്നു കേരള ക്രിക്കറ്റ് പുതുവര്‍ഷം ആഘോഷിച്ചത്. 2025 ജനുവരിയില്‍ ആകെ നടന്നത് നാല് മത്സരങ്ങള്‍. വിജയ് ഹസാരെ ട്രോഫിയിലെയും രഞ്ജി ട്രോഫിയിലെയും രണ്ട് മത്സരങ്ങള്‍ വീതം. ഒന്നില്‍ പോലും കേരളം തോറ്റില്ല.
വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും ജയിച്ചു. രഞ്ജി ട്രോഫിയിലെ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും സമനിലയും. ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലില്‍ കടന്നത് ഫെബ്രുവരിയിലാണ്. പക്ഷേ, കിരീടം നേടാനായില്ല. എങ്കിലും കേരള ക്രിക്കറ്റിനെ സംബന്ധിച്ച് അത് ആഘോഷിക്കാനുള്ള നിമിഷമായിരുന്നു. സുവര്‍ണകാലം ആരംഭിക്കുന്നുവെന്ന് സൂചന നല്‍കിയ നിമിഷം.
ഒക്ടോബറില്‍ രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിച്ചു. നിരാശജനകമായിരുന്നു പ്രകടനം. ഒരു മത്സരത്തില്‍ പോലും ജയിക്കാനായില്ല. നവംബറില്‍ ആരംഭിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പ്രതീക്ഷിച്ച മുന്നേറ്റം സ്വന്തമാക്കാനായില്ല. ഡിസംബര്‍ 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലാണ് ഇനി പ്രതീക്ഷ.
വിവാദങ്ങള്‍, തിരിച്ചടികള്‍
സഞ്ജു സാംസണുമായി ചുറ്റിപ്പറ്റിയാണ് പ്രധാന വിവാദങ്ങള്‍ ഉടലെടുത്തത്. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ താരത്തിന്റെ പിതാവ് ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.
സഞ്ജുവിനെ പിന്തുണച്ചും, കെസിഎയെ വിമര്‍ശിച്ചും നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മുന്‍താരം എസ് ശ്രീശാന്തിന് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഏറെ നാള്‍ ചൂടുപിടിപ്പിച്ച് നിന്ന ആ വിവാദം ഒടുവില്‍ കെട്ടടങ്ങി. ഇത്തവണത്തെ, വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ സഞ്ജുവും ഇടം നേടിയിട്ടുണ്ട്. ജലജ് സക്‌സേനയും, ആദിത്യ സര്‍വതെയും ടീം വിട്ടതാണ് കേരള ക്രിക്കറ്റ് നേരിട്ട പ്രധാന തിരിച്ചടികള്‍.
നിരവധി മാറ്റങ്ങളിലൂടെയും കേരള ക്രിക്കറ്റ് ഈ വര്‍ഷം കടന്നുപോയി. ടീം ലീഡര്‍ഷിപ്പിലായിരുന്നു പ്രധാന മാറ്റം. സച്ചിന്‍ ബേബിക്ക് പകരം മുഹമ്മദ് അസ്ഹറുദ്ദീന്‍ രഞ്ജി ട്രോഫിയില്‍ ക്യാപ്റ്റനായി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവും, വിജയ് ഹസാരെ ട്രോഫിയില്‍ രോഹന്‍ കുന്നുമ്മലുമാണ് ക്യാപ്റ്റന്‍മാര്‍.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും സച്ചിന്‍ ബേബിയെ ഉള്‍പ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങളായി കേരള ക്രിക്കറ്റിന്റെ നെടുംതൂണായിരുന്നു സച്ചിനെ ഒഴിവാക്കിയത് ആരാധകരെ നിരാശയിലാഴ്ത്തി.