KCL 2025: സഞ്ജുവും സച്ചിനും പരസ്പരം ഏറ്റുമുട്ടുന്നു; കളി കാര്യവട്ടത്ത്, പ്രവേശനം സൗജന്യം
Sanju Samson And Sachin Baby Match: സഞ്ജു സാംസണും സച്ചിൻ ബേബിയും തമ്മിൽ പരസ്പരം ഏറ്റുമുട്ടുന്നു. കെസിഎൽ രണ്ടാം സീസണ് മുന്നോടി ആയാണ് മത്സരം.
കേരള ക്രിക്കറ്റ് ലീഗിൻ്റെ പുതിയ സീസണ് മുന്നോടിയായി പ്രദർശനമത്സരം. കേരള ക്രിക്കറ്റിലെ ഏറ്റവും വലിയ പേരുകളായ സച്ചിൻ ബേബിയും സഞ്ജു സാംസണും തമ്മിലാണ് ഏറ്റുമുട്ടുക. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
ഓഗസ്റ്റ് 15ന് രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന കെസിഎ സെക്രട്ടറി ഇലവനും സച്ചിൻ ബേബി നയിക്കുന്ന കെസിഎ പ്രസിഡൻ്റ് ഇലവനും തമ്മിൽ ഏറ്റുമുട്ടും. കെസിഎ ഇലവനിൽ കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സൽമാൻ നിസാർ, ഷോൺ റോജർ, അജ്‌നാസ് എം, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻപി, അഖിൽ സ്‌കറിയ, ഫാനൂസ് എഫ്, മുഹമ്മദ് ഇനാൻ, ഷറഫുദീൻ എൻ.എം, അഖിൻ സത്താർ തുടങ്ങിയവരാണ് കളിക്കുക. പ്രസിഡൻ്റ് ഇലവനിൽ രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹമ്മദ് ഇമ്രാൻ, അഭിഷേക് ജെ നായർ, അബ്ദുൽ ബാസിത്, ബിജു നാരായണൻ, ഏഥൻ ആപ്പിൾ ടോം, നിധീഷ് എംഡി, അഭിജിത്ത് പ്രവീൺ, ആസിഫ് കെഎം, എസ് മിഥുൻ, വിനോദ് കുമാർ സിവി, സച്ചിൻ സുരേഷ് തുടങ്ങിയവരാണ് ഉൾപ്പെട്ടിരിക്കുന്നത്.
കെസിഎൽ രണ്ടാം സീസണ് മുന്നോടി ആയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പുതിയ എൽഇഡി ഫ്ലഡ്ലൈറ്റുകൾ സ്ഥാപിച്ചത്. മുൻപുണ്ടായിരുന്ന മെറ്റൽ ഹലയ്ഡ് ഫ്ലഡ്ലൈറ്റുകൾക്ക് പകരം എൽഇഡി ഫ്ലഡ്ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു. ആധുനികസാങ്കേതിക വിദ്യയിൽ കൂടുതൽ വെളിച്ചം നൽകുന്ന ഫ്ലഡ്ലൈറ്റാണിത്. ഇത്തരം ഹെഡ്ലൈറ്റുള്ള രാജ്യത്തെ ചുരുക്കം ചില സ്റ്റേഡിയങ്ങളിലൊന്നാണ് ഗ്രീൻഫീൽഡ്.
ഓഗസ്റ്റ് 21നാണ് കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ആരംഭിക്കുക. സച്ചിൻ ബേബിയുടെ ഏരീസ് കൊല്ലം സെയിലേഴ്സാണ് നിലവിലെ ജേതാക്കൾ.