AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: വീണ്ടും മുന്നിൽ നിന്ന് നയിച്ച് സഞ്ജുവിൻ്റെ വെടിക്കെട്ട്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറാം ജയം

KBT Wins Against AR: ആലപ്പി റിപ്പിൾസിനെതിരെ ആധികാരിക വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. മൂന്ന് വിക്കറ്റിനാണ് ബ്ലൂ ടൈഗേഴ്സിൻ്റെ ജയം.

KCL 2025: വീണ്ടും മുന്നിൽ നിന്ന് നയിച്ച് സഞ്ജുവിൻ്റെ വെടിക്കെട്ട്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറാം ജയം
സഞ്ജു സാംസൺImage Credit source: Social Media
abdul-basith
Abdul Basith | Published: 01 Sep 2025 06:31 AM

കെസിഎലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇന്നലെ നടന്ന മത്സരത്തിൽ ആലപ്പി റിപ്പിൾസിനെ മൂന്ന് വിക്കറ്റിന് തോല്പിച്ച കൊച്ചി ആദ്യ നാല് സ്ഥാനങ്ങൾ ഉറപ്പിച്ചു. ആലപ്പി റിപ്പിൾസ് മുന്നോട്ടുവച്ച 177 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് 19ആം ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. സഞ്ജു തന്നെയാണ് കളിയിലെ താരം.

ഉജ്ജ്വല ഫോമിലുള്ള ജലജ് സക്സേനയാണ് ആലപ്പി റിപ്പിൾസിൻ്റെ ടോപ്പ് സ്കോറർ ആയത്. ആദ്യ വിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീനുമൊത്ത് 94 റൺസ് കൂട്ടുകെട്ടുയർത്തിയ ജലജ് 25 പന്തിൽ ഫിഫ്റ്റി തികച്ചു. 42 പന്തിൽ 71 റൺസെടുത്താണ് താരം പുറത്തായത്. സക്സേന വീണതോടെ സ്കോറിങ് ചുമതല ഏറ്റെടുത്ത ക്യാപ്റ്റൻ അസ്ഹറുദ്ദീൻ 36 പന്തിൽ ഫിഫ്റ്റിയിലെത്തി. രണ്ടാം വിക്കറ്റിലെ 61 റൺസ് കൂട്ടുകെട്ടിന് ശേഷം അഭിഷേക് പി നായരും (24) വൈകാതെ അസ്ഹറുദ്ദീനും (43 പന്തിൽ 64) മടങ്ങി. ശേഷം വന്ന ആർക്കും ഇരട്ടയക്കം കടക്കാനായില്ല. കെഎം ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Also Read: KCL 2025: തുടർ തോൽവികൾ ഏറ്റുവാങ്ങി ട്രിവാൻഡ്രം റോയൽസ്, കൊല്ലം സെയിലേഴ്‌സിനെതിരെ പൊരുതാൻ പോലുമായില്ല

മറുപടി ബാറ്റിംഗിൽ സഞ്ജു ഒറ്റയ്ക്കാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 11 പന്തിൽ 23 റൺസ് നേടി സഞ്ജുവിനൊപ്പം ആദ്യ വിക്കറ്റിൽ 51 റൺസ് കണ്ടെത്തിയ വിനൂപ് മനോഹരൻ, 13 പന്തിൽ 25 റൺസ് നേടി പുറത്താവാതെ നിന്ന് വിജയറൺ നേടിയ ജെറിൻ പിഎസ് എന്നിവരൊക്കെ തിളങ്ങിയെങ്കിലും സഞ്ജു തന്നെയായിരുന്നു വിജയശില്പി. സാവധാനം ഇന്നിംഗ്സ് ആരംഭിച്ച താരം പിന്നീട് നിരന്തരം ബൗണ്ടറികൾ കണ്ടെത്തുകയായിരുന്നു. 41 പന്തിൽ രണ്ട് ബൗണ്ടറിയും 9 സിക്സറും സഹിതം 83 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ എട്ട് മത്സരങ്ങളിൽ ആറെണ്ണം വിജയിച്ച കൊച്ചി 12 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ആറ് പോയിൻ്റുമുള്ള റിപ്പിൾസ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.