Abdul Bazith: എങ്ങനെ ഐപിഎൽ ടീമിൽ കളിക്കാം?; രാജസ്ഥാൻ റോയൽസിൽ കളിച്ച അബ്ദുൽ ബാസിത്ത് പറയുന്നതിങ്ങനെ
How To Play For An IPL Team: ഐപിഎൽ ടീമിൽ എങ്ങനെ കളിക്കാം എന്ന പലരുടെയും ചോദ്യത്തിന് കേരള ക്രിക്കറ്റ് താരം അബ്ദുൽ ബാസിത്ത് മറുപടി പറയുന്നു.
ഐപിഎൽ ടീമിൽ എങ്ങനെ കളിക്കാം? പലരുടെയും മനസ്സിലുള്ള ചോദ്യമാവും ഇത്. ലോക്കൽ ടൂർണമെൻ്റുകൾ കളിച്ചിരുന്ന പലരും ആഭ്യന്തര മത്സരങ്ങൾ പോലും കളിക്കാതെ ഐപിഎലിൻ്റെ വെള്ളിവെളിച്ചത്തിലെത്തിയിട്ടുണ്ട്. ബെംഗളൂരുവിൻ്റെ സുയാഷ് ശർമ്മ, മുൻ സൺറൈസേഴ്സ് താരം ടി നടരാജൻ, മുംബൈ ഇന്ത്യൻസ് കണ്ടെത്തിയ റോബിൻ മിൻസ് തുടങ്ങി പല പേരുകളുണ്ട്. ഇവരൊക്കെ എങ്ങനെ ഐപിഎലിലെത്തി? ആ ചോദ്യത്തിനുള്ള മറുപടിയാണ് രാജസ്ഥാൻ റോയൽസ് താരമായിരുന്ന കേരള ഓൾറൗണ്ടർ അബ്ദുൽ ബാസിത്ത് പറയുന്നത്.
ദി മല്ലു ക്രിക്കറ്റർ എന്ന ഇൻസ്റ്റഗ്രാം പേജിനോടാണ് താരത്തിൻ്റെ പ്രതികരണം. ഒറ്റയടിക്ക് വരുന്ന ഒരു സംഭവമല്ല ഇതെന്നാണ് ബാസിത്ത് പറയുന്നത്. ഏഴെട്ട് കൊല്ലത്തിൻ്റെ കളിയിലായിരിക്കാം ചിലപ്പോൾ നമുക്ക് ഒരു കൊല്ലം അവസരം കിട്ടുന്നത്. ഒന്നോരണ്ടോ കൊല്ലത്തിൽ കിട്ടുമെന്ന് പ്രതീക്ഷിച്ച് നിൽക്കരുത്. നമ്മൾ പ്രോസസിൽ വിശ്വസിക്കുക. ആത്മാർത്ഥമായി വർക്ക് ചെയ്യുക. റിസൽട്ട് എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ അഞ്ച് കൊല്ലമാവാം, പത്ത് കൊല്ലമാവാം. ആ ഒരു കൊല്ലം കിട്ടാൻ അതിന് മുൻപത്തെ വർഷങ്ങളിൽ ആത്മാർത്ഥതയോടെ പണിയെടുക്കണമെന്നും ബാസിത്ത് പറയുന്നു.
Also Read: Womens World Cup 2025: വനിതാ ലോകകപ്പ് ഫൈനൽ ഇന്ന്; എവിടെ എങ്ങനെ എപ്പോൾ കാണാം?
“ഹാർഡ്‌വർക്കും സ്മാർട്ട്‌വർക്കും ഉണ്ടാവണം. അത് കറക്ടായി വർക്കൗട്ട് ചെയ്യണം. പ്രധാനമായി മാച്ച് എക്സ്പീരിയൻസ് ഉണ്ടാക്കുക. ഞാൻ അണ്ടർ 16 ആണ് ആദ്യമായി കേരള ടീമിൽ കളിക്കുന്നത്. പിന്നെ കളിക്കുന്നത് സീനിയർ ടീമിലാണ്. സീനിയർ ടീമിൽ കളിക്കാൻ ഏഴെട്ട് കൊല്ലം കാത്തിരിക്കേണ്ടിവന്നു. ഞാൻ ആ സമയത്ത് ഒരുപാട് മത്സരങ്ങൾ കളിച്ചു. അങ്ങനെ വരുമ്പോൾ ഓരോ സാഹചര്യങ്ങൾ നമ്മൾ മനസ്സിലാക്കും. കെസിഎൽ ഇപ്പോൾ വലിയ അവസരമാണ്. ഐപിഎൽ സ്കൗട്ട്സൊക്കെ വരുന്നുണ്ട്. പലരെയും ട്രയൽസിന് വിളിച്ചിട്ടുണ്ട്.”- അദ്ദേഹം തുടർന്നു.