Lalit Modi: ഐപിഎലിലെ ആദ്യ കളി വിജയിക്കാൻ സോണിയുമായുള്ള കരാർ ലംഘിച്ചു; വിവാദ വെളിപ്പെടുത്തലുമായി ലളിത് മോദി
Lalit Modi About IPL With Sony: സോണിയുമായുള്ള സംപ്രേഷണക്കരാർ ലംഘിച്ചിട്ടുണ്ടെന്ന് ലളിത് മോദിയുടെ വെളിപ്പെടുത്തൽ. മൈക്കൽ ക്ലാർക്കുമായുള്ള പോഡ്കാസ്റ്റിലാണ് മോദിയുടെ വെളിപ്പെടുത്തൽ.

ലളിത് മോദി
ഐപിഎലിലെ ആദ്യ കളി വിജയിക്കാൻ സോണിയുമായുള്ള കരാർ ലംഘിച്ചു എന്ന് മുൻ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ. സോണിയ്ക്ക് ആ സമയത്ത് റീച്ചില്ലായിരുന്നു എന്നും അതുകൊണ്ട് കരാർ ലംഘനം നടത്തിയെന്നുമാണ് മുൻ ഐപിഎൽ ചെയർമാനായ ലളിത് മോദി പറഞ്ഞത്. മൈക്കൽ ക്ലാർക്കുമായുള്ള പോഡ്കാസ്റ്റിലാണ് താരത്തിൻ്റെ പ്രതികരണം.
“എല്ലാം ആ ഒറ്റക്കളിയിൽ ആശ്രയിച്ചിരിക്കുന്നു. അന്ന് എല്ലാ നിയമങ്ങളും ഞാൻ ലംഘിച്ചു. എക്സ്ക്ലൂസിവായി സോണിയുമായി കരാറൊപ്പിട്ടെങ്കിലും അന്ന് സോണിയ്ക്ക് റീച്ചില്ലായിരുന്നു. ഞാൻ പറഞ്ഞു, സിഗ്നൽ ഓപ്പൺ ചെയ്യാൻ. ഇപ്പോൾ അത് എല്ലായിടത്തും ലഭ്യമാണല്ലോ. അവകാശം ലഭിക്കാത്ത ബ്രോഡ്കാസ്റ്റർമാരോടും ന്യൂസ് ചാനലുകളോടും ഞാൻ ലൈവ് പോകാൻ ആവശ്യപ്പെട്ടു. എനിക്കെതിരെ നടപടിയെടുക്കുമെന്ന് സോണി ഭീഷണിപ്പെടുത്തി. ഞാൻ പറഞ്ഞു, ‘പിന്നെ നടപടിയെടുക്കൂ. ഇപ്പോൾ അത് വിട്. നിങ്ങൾക്ക് റീച്ചില്ലാത്തതുകൊണ്ട് നമ്മൾ ലൈവ് പോവുകയാണ്’ എന്ന്. ആ കളി എല്ലാവരും കാണണമെന്ന് എനിക്ക് വാശിയായിരുന്നു. ആദ്യത്തെ കളി പാളിയിരുന്നെങ്കിൽ എല്ലാം തീർന്നേനെ.”- ലളിത് മോദി പറഞ്ഞു.
ഇതേ പോഡ്കാസ്റ്റിൽ തന്നെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വിഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. ശ്രീശാന്തിൻ്റെ ഭാര്യ ഭുവനേശ്വരിയും ഹർഭജൻ സിംഗും മോദിയെ പരസ്യമായി വിമർശിച്ചു. 2008 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന ഹർഭജൻ സിംഗ് കിംഗ്സ് ഇലവൻ പഞ്ചാബിൻ്റെ താരമായിരുന്ന ശ്രീശാന്തിൻ്റെ മുഖത്തടിയ്ക്കുകയായിരുന്നു. ആരും കാണാതിരുന്ന ഈ വിഡിയോ ആണ് കഴിഞ്ഞ ദിവസം ലളിത് മോദി പുറത്തുവിട്ടത്.
ശ്രീശാന്ത് ഇതിൽ ഇരയായിരുന്നു എന്നും താൻ കള്ളം പറഞ്ഞിട്ടില്ലെന്നുമായിരുന്നു വിമർശനങ്ങളോട് ലളിത് മോദിയുടെ പ്രതികരണം. വിഡിയോ പുറത്തുവിട്ടതിന് ഭുവനേശ്വരി ദേഷ്യപ്പെടുന്നത് എന്തിനെന്നറിയില്ലെന്നും മോദി പ്രതികരിച്ചിരുന്നു.