Rahul Dravid: എന്തൊക്കെയോ ചീഞ്ഞുനാറുന്നു? രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനം രാജിവച്ച് രാഹുല്‍ ദ്രാവിഡ്
Rahul Dravid Quits As Rajasthan Royals Head Coach: ഫ്രാഞ്ചെസിയില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം നല്‍കിയെങ്കിലും ദ്രാവിഡ് അത് നിരസിക്കുകയായിരുന്നുവെന്നും റോയല്‍സ് വ്യക്തമാക്കി. ടീമിനുള്ളില്‍ എന്തൊക്കെയോ അസ്വാരസ്യങ്ങളുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ആരാധകര്‍ സംശയിക്കുന്നു.

രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും
രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ചു. ദ്രാവിഡ് പരിശീലക സ്ഥാനം രാജിവച്ചതായി രാജസ്ഥാന്‍ റോയല്‍സ് സ്ഥിരീകരിച്ചു.രാഹുല്‍ ദ്രാവിഡ് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി ഫ്രാഞ്ചെസി പ്രസ്താവനയിലൂടെ വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള റോയല്‍സിന്റെ യാത്രയില്‍ രാഹുല്‍ ദ്രാവിഡ് കേന്ദ്ര ബിന്ദുവായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം നിരവധി താരങ്ങളെ സ്വാധീനിച്ചു. മികച്ച മൂല്യങ്ങള്‍ അദ്ദേഹം പകര്‍ന്നുവെന്നും രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി.
ഫ്രാഞ്ചെസിയില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം നല്‍കിയെങ്കിലും ദ്രാവിഡ് അത് നിരസിക്കുകയായിരുന്നുവെന്നും റോയല്‍സ് വ്യക്തമാക്കി. ടീമിനുള്ളില്‍ എന്തൊക്കെയോ അസ്വാരസ്യങ്ങളുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ആരാധകര്‍ സംശയിക്കുന്നു.
Your presence in Pink inspired both the young and the seasoned. 💗
Forever a Royal. Forever grateful. 🤝 pic.twitter.com/XT4kUkcqMa
— Rajasthan Royals (@rajasthanroyals) August 30, 2025
നേരത്തെ റോയല്‍സ് താരമായിരുന്ന ദ്രാവിഡ് പിന്നീട് മാനേജ്‌മെന്റ് തലത്തിലും പ്രവര്‍ത്തിച്ചു. ഇതിനു ശേഷം ദേശീയ അണ്ടര്‍ 19, സീനിയര്‍ ടീമുകളുടെ പരിശീലകനായി. ഈ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് റോയല്‍സിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ റോയല്‍സിലേക്കുള്ള തിരിച്ചുവരവ് ഒരു സീസണ്‍ മാത്രമേ നീണ്ടുനിന്നുള്ളൂ.
ക്യാപ്റ്റന്‍ സഞ്ജു സാംസണും, ദ്രാവിഡും തമ്മില്‍ ഭിന്നതയിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി ദ്രാവിഡ് രംഗത്തെത്തുകയും ചെയ്തു. ആരാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ദ്രാവിഡ് പരിശീലനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ റോയല്‍സിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു റോയല്‍സ്.
Official Statement pic.twitter.com/qyHYVLVewz
— Rajasthan Royals (@rajasthanroyals) August 30, 2025
ഇതിനിടെ, സഞ്ജു സാംസണ്‍ റോയല്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. തന്നെ റിലീസാക്കുകയോ, ട്രേഡ് ചെയ്യുകയോ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യപ്പെടുന്നതായി അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാല്‍ റോയല്‍സ് വിടുന്നതിനെക്കുറിച്ച് സഞ്ജുവോ, ഫ്രാഞ്ചെസിയോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
റോയല്‍സുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ദ്രാവിഡ് പരിശീലക സ്ഥാനം രാജിവച്ചത്. റോയല്‍സുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ദ്രാവിഡ് തീരുമാനിച്ചതിന് പിന്നിലെ ചേതോവികാരം വ്യക്തമല്ല.