Ranji Trophy 2025: ജലജ് സക്സേനയും ആദിത്യ സർവതെയും ഇല്ല; വരുന്ന രഞ്ജി സീസണിൽ കേരളത്തിന് തിരിച്ചടി
Jalaj Saxena Opts Out Of Kerala Ranji Trophy: രഞ്ജി ട്രോഫിയിൽ നിന്ന് പിന്മാറി ജലജ് സക്സേന. കേരളത്തിനായി നിർണായക പ്രകടനങ്ങൾ നടത്തിയിട്ടുള്ള ജലജ് ഇക്കാര്യം കെസിഎയെ അറിയിച്ചു.
അതിഥി താരം ജലജ് സക്സേന അടുത്ത രഞ്ജി സീസണിൽ കേരളത്തിനായി കളിക്കില്ല. കഴിഞ്ഞ സീസണുകളിൽ കേരളത്തിൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ച സക്സേന തൻ്റെ തീരുമാനം കെസിഎയെ അറിയിച്ചു. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മറ്റൊരു അതിഥി താരമായ ആദിത്യ സർവതെയും അടുത്ത സീസണിൽ കളിക്കില്ല.
മധ്യപ്രദേശ് താരമായ സക്സേന 2016 മുതൽ കേരളത്തിനായി കളിക്കുന്ന താരമാണ്. 38 വയസുകാരനായ താരം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും കേരള ടീമിലെ പ്രധാന താരമായിരുന്നു. കേരളത്തിനായി 59 മത്സരങ്ങൾ കളിച്ച താരം 2215 റൺസും 269 വിക്കറ്റും നേടി. മൂന്ന് സെഞ്ചുറിയും 10 അർദ്ധസെഞ്ചുറിയും അടക്കമാണ് ഈ പ്രകടനങ്ങൾ. കേരളം റണ്ണറപ്പായ കഴിഞ്ഞ സീസണിലും ജലജിൻ്റെ പ്രകടനങ്ങൾ നിർണായകമായിരുന്നു. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൻ്റെ താരമാണ് ജലജ്.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനാണ് കളിയിൽ നിന്ന് ഇടവേളയെടുക്കുന്നതെന്ന് സക്സേന പറഞ്ഞു. മറ്റ് ടീമുകൾക്കായി കളിക്കുമോ എന്നതിൽ വ്യക്തതയില്ല. താരം ഇതുവരെ കെസിഎയിൽ നിന്ന് എൻഒസി വാങ്ങിയിട്ടില്ല എന്നാണ് വിവരം. ഇത്തവണ രഞ്ജി സീസണിൽ ഒക്‌ടോബർ 15ന് മഹാരാഷ്‌ട്രക്കെതിരെയാണ് കേരളത്തിന്റെ ആദ്യ കളി.
അതേസമയം, വിദർഭയിൽ നിന്നെത്തി കഴിഞ്ഞ സീസണിൽ നിർണായക പ്രകടനങ്ങൾ നടത്തിയ ഓൾറൗണ്ടർ ആദിത്യ സർവതെയും കേരളം വിട്ടു. താരം പുതിയ സീസണിൽ ഛത്തീസ്ഗഡിന് വേണ്ടി കളിക്കും. താരം എൻഒസി വാങ്ങിയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ 271 റൺസും 34 റൺസും നേടിയ സർവതെ കേരളത്തിൻ്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ചു. വിജയ് ഹസാരെയും 61 റൺസും 9 വിക്കറ്റും നേടി.