Ranji Trophy: കേരളത്തിന് അവകാശപ്പെട്ട വിജയം തട്ടിത്തെറിപ്പിച്ച് മധ്യപ്രദേശിന്റെ വാലറ്റം, മത്സരം സമനിലയില്‍
Ranji Trophy Kerala vs Madhya Pradesh Match Drawn: രഞ്ജി ട്രോഫിയില്‍ കേരളം-മധ്യപ്രദേശ് മത്സരം സമനിലയില്‍ കലാശിച്ചു. ഒമ്പതാം വിക്കറ്റില്‍ ആര്യന്‍ പാണ്ഡെയും, കുമാര്‍ കാര്‍ത്തികേയയും ചേര്‍ത്ത 41 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് മത്സരം സമനിലയിലാക്കിയത്
ഇന്‍ഡോര്‍: മധ്യപ്രദേശിന്റെ വാലറ്റം നടത്തിയ ചെറുത്തുനില്‍പില്‍ കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ പൊലിഞ്ഞു. വെറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ കേരളത്തിന് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. ഒമ്പതാം വിക്കറ്റില്‍ ആര്യന്‍ പാണ്ഡെയും, കുമാര്‍ കാര്‍ത്തികേയയും ചേര്‍ത്ത 41 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. ഒടുവില്‍ മത്സരം സമനിലയിലായി. സ്‌കോര്‍: കേരളം-281, അഞ്ച് വിക്കറ്റിന് 314. മധ്യപ്രദേശ്-192, എട്ട് വിക്കറ്റിന് 167.
404 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ മധ്യപ്രദേശിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ ഹാര്‍ഷ് ഗാവ്‌ലിയെ പൂജ്യത്തിന് പുറത്താക്കി ശ്രീഹരി എസ് നായര്‍ കേരളത്തിന് പ്രതീക്ഷകള്‍ സമ്മാനിച്ചു. ഒമ്പതാം ഓവറില്‍ യാഷ് ദുബെയെയും, 19-ാം ഓവറില്‍ ഹിമാന്‍ഷു മന്ത്രിയെയും 27-ാം ഓവറില്‍ ഹര്‍പ്രീത് സിങ് ഭാട്ടിയയെയും പുറത്താക്കി ശ്രീഹരി മധ്യപ്രദേശിന്റെ ടോപ് ഓര്‍ഡര്‍ നിലംപരിശാക്കി.
19 റണ്‍സെടുത്താണ് ദുബെ മടങ്ങിയത്. 26 റണ്‍സായിരുന്നു ഹിമാന്‍ഷുവിന്റെ സമ്പാദ്യം. ഭാട്ടിയ 13 റണ്‍സെടുത്തു. ഇതിനിടെ ക്യാപ്റ്റന്‍ ശുഭം ശര്‍മ (18 റണ്‍സ്) റണ്ണൗട്ടായതോടെ മധ്യപ്രദേശിന്റെ അടിവേരിളകി തുടങ്ങി. ഇതോടെ കേരളം വിജയം ഉറപ്പിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് ചൗഹാനെ (ഏഴ് റണ്‍സ്) ഈഡന്‍ ആപ്പിള്‍ ടോം എല്‍ബിഡബ്ല്യുവില്‍ കുരുക്കി. പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച സാരന്‍ഷ് ജെയിനെയും (31) റണ്‍സ് ഈഡന്‍ വീഴ്ത്തിയതോടെ മധ്യപ്രദേശ് ഏഴ് വിക്കറ്റിന് 114 എന്ന നിലയിലായി.
പിന്നാലെയെത്തിയ അര്‍ഷദ് ഖാനിനും നിലയുറപ്പിക്കാനായില്ല. ആറു റണ്‍സെടുത്ത അര്‍ഷദിനെ എംഡി നിധീഷാണ് പുറത്താക്കിയത്. ഇതിനു ശേഷം മധ്യപ്രദേശിന്റെ വാലറ്റം പുറത്തെടുത്ത പോരാട്ടമികവില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ തകര്‍ന്നടിയുകയായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ ആര്യന്‍ പാണ്ഡെ 23 റണ്‍സുമായും, പത്താമനായ കുമാര്‍ കാര്‍ത്തികേയ 16 റണ്‍സുമായും പുറത്താകാതെ നിന്നു.
നാലു വിക്കറ്റുകളാണ് ശ്രീഹരി വീഴ്ത്തിയത്. ഈഡന്‍ രണ്ട് വിക്കറ്റും, നിധീഷ് ഒരു വിക്കറ്റും സ്വന്തമാക്കി. സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ബേബിയുടെയും, ബാബ അപരാജിത്തിന്റെയും ബാറ്റിങ് മികവാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സച്ചിന്‍ 122 റണ്‍സുമായി പുറത്താകാതെ നിന്നു. 105 റണ്‍സെടുത്ത ബാബ റിട്ടയേര്‍ഡ് ഹര്‍ട്ടായി.