Sanju Samson: ട്രേഡ് അഭ്യൂഹങ്ങളൊക്കെ അവിടെ നില്‍ക്കട്ടെ; ജന്മദിനത്തില്‍ സഞ്ജു സാംസണ്‍ തിരക്കിലാണ്
Sanju Samson Birthday: സഞ്ജു സാംസണ്‍ ജന്മദിനത്തിലും ഫിറ്റ്‌നസ് പരിശീലനം മുടക്കുന്നില്ല. ഒരു വശത്ത് ഐപിഎല്‍ ട്രേഡ് അഭ്യൂഹങ്ങള്‍ ശക്തമാകുമ്പോഴും അതുമായി ബന്ധപ്പെട്ട് താരം എന്തെങ്കിലും സൂചനകള്‍ നല്‍കുന്നില്ല
31-ാം ജന്മദിനത്തിലും കര്‍മ്മനിരതനായി സഞ്ജു സാംസണ്‍. പിറന്നാള്‍ ദിനത്തിലും മുടങ്ങാതെ ഫിറ്റ്‌നസ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് ഭാര്യ ചാരുലത നല്‍കിയ കേക്കിന്റെ ദൃശ്യങ്ങളാണ് താരം ആദ്യം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. തുടര്‍ന്ന് രാവിലെ 5.30ന് ഒരു മണിക്കൂറോളം നടന്നതിന്റെയും തുടര്‍ന്ന് ജിമ്മിലെത്തിയതിന്റെയും ദൃശ്യങ്ങള്‍ താരം സ്‌റ്റോറിയില്‍ നല്‍കിയിട്ടുണ്ട്. ജിമ്മില്‍ നിന്ന് ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതാണ് താരം പങ്കുവച്ച മറ്റൊരു സ്റ്റോറി.
പാഡല്‍ പരിശീലനം നടത്തിയതിന് ശേഷം നടന്‍ ഇന്ദ്രജിത്ത് സുകുമാരനും മറ്റ് ചിലര്‍ക്കുമൊപ്പം താരം സമയം ചെലവിടുന്നതിന്റെ ഫോട്ടോ ഇന്ദ്രജിത്തും സഞ്ജുവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സഞ്ജുവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് ഇന്ദ്രജിത്ത്.
സഞ്ജുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവച്ച പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഇന്ദ്രജിത്ത് ഷെയര്‍ ചെയ്തിട്ടുണ്ട്. യെല്ലോ ഇമോജി പങ്കുവച്ചുകൊണ്ടാണ് ഇന്ദ്രജിത്ത് സിഎസ്‌കെയുടെ പോസ്റ്റ് ഷെയര്‍ ചെയ്തതത്. സഞ്ജു സിഎസ്‌കെയിലേക്ക് പോകുന്നുവെന്ന് ഉറപ്പിക്കുന്നതാണ് ഇന്ദ്രജിത്തിന്റെ ഈ സ്റ്റോറിയെന്നാണ് ആരാധകരുടെ അനുമാനം.
എന്നാല്‍ സിഎസ്‌കെയുടെ ആശംസ സഞ്ജു ഷെയര്‍ ചെയ്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രാജസ്ഥാന്‍ റോയല്‍സ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം, കേരള ക്രിക്കറ്റ് അസോസിയേഷന്‍, മലപ്പുറം എഫ്‌സി എന്നിവ പങ്കുവച്ച ആശംസാ പോസ്റ്റുകള്‍ സഞ്ജു ഷെയര്‍ ചെയ്തിട്ടുമുണ്ട്.
സഞ്ജു സിഎസ്‌കെയിലേക്ക്?
അതേസമയം, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയേക്കുമെന്നുള്ള സൂചനകള്‍ ശക്തമാണ്. ട്രേഡ് ഡീല്‍ ഏറെക്കുറെ അന്തിമമായെന്നാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ വ്യക്തത വരും. രവീന്ദ്ര ജഡേജയെയും, സാം കറനെയും രാജസ്ഥാന്‍ റോയല്‍സിന് വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ നീക്കം. ട്രേഡിന് മൂന്ന് താരങ്ങളും സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി ക്യാപിറ്റല്‍സും സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷം ധാരണയുണ്ടാക്കാനായില്ല. ഡെവാള്‍ഡ് ബ്രെവിസിന് പുറമെ മറ്റൊരു താരത്തെ കൂടി റോയല്‍സ് ആവശ്യപ്പെട്ടതാണ് തിരിച്ചടിയായത്.