Sanju Samson: ഓപ്പണറാക്കി, ഫിനിഷറാക്കി, സെഞ്ചുറിയടിച്ചിട്ടും ടീമിൽ നിന്ന് പുറത്താക്കി; സഞ്ജുവിനെ കൈവിട്ട് ഗംഭീറും
Sanju Samson And Injustice: സഞ്ജു സാംസണെതിരായ അവഗണന തുടരുകയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമിൽ ഉൾപ്പെടാതിരുന്ന സഞ്ജുവിൻ്റെ കാര്യത്തിൽ അജിത് അഗാർക്കറിൻ്റെ വിശദീകരണമാണ് ഏറ്റവും മോശം.

സഞ്ജു സാംസൺ
സമീപകാലത്തായി ഇന്ത്യൻ ടീം പ്രഖ്യാപനം നടക്കുമ്പോൾ സഞ്ജു ഉണ്ടോ ഇല്ലയോ എന്നതാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. കാരണം, നന്നായി കളിച്ചാലും അവഗണിക്കപ്പെടുക എന്ന വിചിത്രമായ ആചാരത്തിൻ്റെ സ്ഥിരം ഇരയാണ് സഞ്ജു. ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ടീമിലും ഇത് ആവർത്തിച്ചു.
സഞ്ജു ഒരു ടെയിലർ മെയ്ഡ് ഏകദിന പ്ലയറായിരുന്നു. കരിയറിൻ്റെ തുടക്കത്തിൽ അതായിരുന്നു ശൈലി. എന്നാൽ, ഏകദിനത്തിൽ അവസരം ലഭിക്കില്ലെന്ന ഉറപ്പ് സഞ്ജുവിൻ്റെ ശൈലീമാറ്റത്തിലേക്ക് നയിച്ചു. ടി20യ്ക്കായി അഗ്രസീവായി. ബാക്ക്ഫൂട്ടിലുള്ള ട്രിഗർ മൂവ്മെൻ്റ് അടക്കം സഞ്ജു സ്വയം നവീകരിച്ചു. ടി20യിൽ ഓപ്പണറാക്കുമെന്ന് മാനേജ്മെൻ്റ് പറയുന്നു. അതിനായി ഒരുങ്ങുന്നു. ഓപ്പണിംഗിൽ മൂന്ന് സെഞ്ചുറിയടക്കം അസാമാന്യ പ്രകടനങ്ങൾ. സഞ്ജു സ്ഥിരം ഓപ്പണറാവുന്നു എന്ന ഉറപ്പിൽ ഏഷ്യാ കപ്പ് ടീം വരുന്നു. സഞ്ജു കളിക്കുന്നത് അഞ്ചാം നമ്പറിൽ. ഗിൽ ഇല്ലാത്തതുകൊണ്ടാണ് സഞ്ജുവിനെ ഓപ്പണറാക്കിയതെന്ന് അഗാർക്കറിൻ്റെ ചീഞ്ഞ ന്യായം. അഞ്ചാം നമ്പറിൽ ഒരു മാൻ ഓഫ് ദി മാച്ച് ഫിഫിറ്റിയടക്കം നല്ല പ്രകടനങ്ങൾ.
Also Read: Sanju Samson: ഏകദിന സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടാത്തത് നന്നായി? കാരണം ഇതാണ്
ഇതിനിടെ കിട്ടിയ ഏകദിന അവസരങ്ങൾ സഞ്ജു നന്നായി ഉപയോഗിച്ചു. ദക്ഷിണാഫ്രിക്കയിലെ ദുഷ്കരമായ പിച്ചിൽ ഒരു മാച്ച് വിന്നിങ് സെഞ്ചുറി നേടി. 16 ഏകദിനങ്ങളിൽ ശരാശരി 57, സ്ട്രൈക്ക് റേറ്റ് 100. ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും. 2023ലെ സെഞ്ചുറിക്ക് ശേഷം സഞ്ജു ഏകദിനത്തിൽ സ്ഥിരമാവുമെന്ന് കരുതി. ചാമ്പ്യൻസ് ലീഗ് വന്നു. സഞ്ജു കളിച്ചില്ല. ഓസ്ട്രേലിയക്കെതിരെ കളിക്കുമെന്ന് കരുതി. ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തായിട്ടും ടീമിൽ ഇല്ല. ധ്രുവ് ജുറേൽ ബാക്കപ്പ് വിക്കറ്റ് കീപ്പർ.
ടീം പ്രഖ്യാപിച്ചുകഴിഞ്ഞ് അഗാർക്കർ പറഞ്ഞത്, സഞ്ജു ഒരു ടോപ്പ് ഓർഡർ ബാറ്ററാണെന്നും അവിടെ കളിക്കാൻ ഇടയില്ലെന്നുമാണ്. സഞ്ജുവിന് അഞ്ചാം നമ്പരിൽ 39ഉം ആറാം നമ്പരിൽ 90ഉം ശരാശരിയുണ്ട്. ഇത് അഗാർക്കറിന് അറിയാഞ്ഞിട്ടല്ല. അഗാർക്കറിനും മുകളിലുള്ള ചിലരുടെ ചരടുവലികളാണ് സഞ്ജു അവഗണിക്കപ്പെടുന്നതിന് കാരണമെന്ന് ആരോപണങ്ങളുണ്ട്. സഞ്ജുവിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പലതവണ പറഞ്ഞിരുന്ന ഗൗതം ഗംഭീറും തൻ്റെ വാക്കിൽ നിന്ന് പിന്നാക്കം പോയതിനാൽ ഈ ആരോപണം ശരിയാണെന്ന് വേണം കരുതാൻ.