Sanju Samson: സ്ഥാനം ഉറപ്പിച്ച് ഇഷാന്‍, തിരിച്ചുവരവിനൊരുങ്ങി തിലക്; സഞ്ജു സാംസണ്‍ പുറത്തേക്ക്?
Sanju Samson missed out on opportunities to secure a place in the T20 team: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ ടീമില്‍ നിന്നു പുറത്തായേക്കുമെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന് എന്തു പറ്റിയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
എത്രയൊക്കെ മോശം പ്രകടനം പുറത്തെടുത്താലും തിരിച്ചുവരവിനുള്ള സാധ്യതകള്‍ക്ക് സഞ്ജു സാംസണ്‍ അവശേഷിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ ടീമില്‍ നിന്നു പുറത്തായേക്കുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തല്‍. സഞ്ജു സാംസണിന് എന്തു പറ്റിയെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സഞ്ജുവിന് എന്തു പറ്റിയെന്ന് അറിയില്ലെങ്കിലും, ഒരു കാര്യം വ്യക്തമാണ്; അതീവ സമ്മര്‍ദ്ദഘട്ടത്തിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം.
പരിശീലനത്തിന്റെ അഭാവമോ, അവസരങ്ങളുടെ കുറവോ അല്ല ഇപ്പോള്‍ സഞ്ജു നേരിടുന്ന പ്രശ്‌നം. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് മുമ്പ് താരം മികച്ച രീതിയില്‍ പരിശീലനം നടത്തിയിരുന്നു. ഫിറ്റ്‌നസിനായി ഏറെ നേരം ചെലവിട്ടു. ശരീരഭാരവും കുറച്ചു. ഇത്രയൊക്കെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും റിസള്‍ട്ടുണ്ടാകാത്തതാണ് പ്രശ്‌നം.
ഏറെ നാളായി ടീമിന് പുറത്തായിരുന്ന ഇഷാന്‍ കിഷനും, ഫോം ഔട്ടായിരുന്ന സൂര്യകുമാര്‍ യാദവും തിരിച്ചുവരവ് നടത്തിയത് കീവിസിനെതിരായ പരമ്പരയിലൂടെയാണ്. അവിടെയാണ് സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുന്നത്. ക്ലബ് ബൗളര്‍മാരെ നേരിടുന്ന ലാഘവത്തോടെ അഭിഷേക് ശര്‍മ അടിച്ചുതകര്‍ക്കുമ്പോഴാണ് ‘ദേ പോയി, ദാ വന്നു’ എന്ന രീതിയില്‍ സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്തുന്നത്.
Also Read: Sanju Samson: നിർണായക കളിയിൽ ഗോൾഡൻ ഡക്ക്; സഞ്ജുവിൻ്റെ ഇന്ത്യൻ കരിയർ അവസാനിക്കുന്നോ?
മികച്ച രീതിയില്‍ പന്ത് കണക്ട് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. ടൈമിങായിരുന്നു പലപ്പോഴും സഞ്ജുവിന്റെ വജ്രായുധം. എന്നാല്‍ ഇപ്പോള്‍ ഒട്ടും ടൈമിങ് ഇല്ലാത്തതാണ് സഞ്ജു നേരിടുന്ന വെല്ലുവിളി. സോഷ്യല്‍ മീഡിയയിലും സഞ്ജുവിനെതിരെ മുറവിളി ഉയരുകയാണ്. ടീം മാനേജ്‌മെന്റിനുള്ളിലും സഞ്ജു ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കാം.
ഇന്‍ ഓര്‍ ഔട്ട്?
നാലാം ടി20 മുതല്‍ തിലക് വര്‍മ ടീമിലെത്തും. തിലകിനെ മാറ്റിനിര്‍ത്തുക സാധ്യമല്ല. ഇഷാന്‍ കിഷന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും, ക്യാപ്റ്റന്‍ സൂര്യയുടെയും ‘ഗുഡ്ബുക്കി’ലും ഇടം നേടിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനെ ഒഴിവാക്കിയുള്ള പ്ലേയിങ് ഇലവന്‍ പരുവപ്പെടുത്തുന്നതിലാകും മാനേജ്‌മെന്റിന്റെ ശ്രമം.
കീവിസിനെതിരെ നടക്കുന്ന നാലും, അഞ്ചും മത്സരങ്ങളില്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കാം. കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലായിരിക്കുമോയെന്നാണ് ആരാധകരുടെ ആശങ്ക. പുറത്താകലിന്റെ വക്കില്‍ നിന്നു തിരിച്ചുവരവുകള്‍ നടത്തിയ ചരിത്രം സഞ്ജുവിനുണ്ട്. ഇത്തവണ അത് അത്ര എളുപ്പമല്ല. എങ്കിലും താരത്തിന്റെ ‘കം ബാക്ക്’ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.