Sanju Samson: സഞ്ജു സാംസണ്‍ ഓസീസ് പര്യടനത്തില്‍ കളിക്കുമോ? വില്ലനായി വിരലിനേറ്റ പരിക്ക്‌

Sanju Samson Injury Update: സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനിടെയാണ് താരത്തിന് രഞ്ജി ട്രോഫിയില്‍ പരിക്കേറ്റത്‌

Sanju Samson: സഞ്ജു സാംസണ്‍ ഓസീസ് പര്യടനത്തില്‍ കളിക്കുമോ? വില്ലനായി വിരലിനേറ്റ പരിക്ക്‌

സഞ്ജു സാംസണ്‍

Published: 

20 Oct 2025 | 11:00 AM

സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തതില്‍ ആരാധകര്‍ക്ക് അമര്‍ഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദയനീയമായി ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ സ്‌ക്വാഡ് സെലക്ഷനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങളെ തഴഞ്ഞതിനെതിരെയാണ് വിമര്‍ശനം. ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും, ടി20 സ്‌ക്വാഡില്‍ സഞ്ജുവുണ്ട്. താരം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

എന്നാല്‍, ടി20 പരമ്പര ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ രഞ്ജി ട്രോഫിക്കിടെ സഞ്ജുവിനേറ്റ പരിക്ക് ആരാധകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. മഹാരാഷ്ട്രയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ക്യാച്ചിനുള്ള ശ്രമത്തിനിടെ പന്ത് കൈവിരലില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. ഇതിനൊപ്പം, അനായാസ ക്യാച്ചിനുള്ള അവസരം സഞ്ജു പാഴാക്കുകയും ചെയ്തു.

പരിക്കേറ്റതിന് പിന്നാലെ താരം മൈതാനം വിട്ടു. തുടര്‍ന്ന് മെഡിക്കല്‍ സഹായം തേടി. ടീം ഫിസിയോ പരിശോധിക്കുന്നതിനിടെ സഞ്ജു വേദന കൊണ്ട് പ്രയാസപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് താരം ഓസീസ് പര്യടനത്തിനുണ്ടാകുമോയെന്ന സംശയം ഉയര്‍ന്നത്.

എന്നാല്‍ സഞ്ജുവിന്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും പുറത്തുവന്നിട്ടില്ല. താരത്തിന് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് സൂചന. അതുകൊണ്ട് തന്നെ താരം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ തന്നെയാണ് സാധ്യത.

പരിക്കുകള്‍ വലച്ച വര്‍ഷം

സഞ്ജു സാംസണെ സംബന്ധിച്ച് 2025 പരിക്കുകള്‍ വലച്ച വര്‍ഷമാണ്. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ സഞ്ജുവിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യ ഏതാനും മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലയറായി മാത്രമാണ് കളിച്ചത്.

തുടര്‍ന്ന് പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തെങ്കിലും ഐപിഎല്‍ സീസണിടെ വീണ്ടും പരിക്കേറ്റു. തുടര്‍ന്ന് താരത്തിന് ഏതാനും മത്സരങ്ങള്‍ നഷ്ടമായി. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രഞ്ജി ട്രോഫിയിലും പരിക്കേറ്റത്.

Also Read: Sanju Samson: സഞ്ജു ഓസ്ട്രേലിയയിലേക്ക്; രഞ്ജി ട്രോഫിയിലെ അടുത്ത മത്സരങ്ങൾ നഷ്ടമായേക്കും

ടി20 പരമ്പര എന്ന് മുതല്‍?

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഒക്ടോബര്‍ 29ന് ആരംഭിക്കും. ഒക്ടോബര്‍ 31, നവംബര്‍ 2, 6, 8 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ. ജിതേഷ് ശര്‍മയാണ് സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍.

അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം