Sanju Samson: ലേലത്തിൽ വന്നാൽ റെക്കോർഡ് തിരുത്താം; ട്രേഡിംഗിൽ സഞ്ജുവിന് ഗുണമില്ല
Sanju Samson IPL Auction: ട്രേഡ് ഡീലിനെക്കാൾ സഞ്ജുവിന് ഗുണം ചെയ്യുക മിനി ലേലം. ഡൽഹിയിലേക്ക് ട്രേഡിങിലൂടെ എത്തുന്നതിനെക്കാൾ പണം മിനി ലേലത്തിലൂടെ താരത്തിന് ലഭിക്കും.
സഞ്ജു സാംസൺ ട്രേഡിംഗിലൂടെ ഡൽഹി ക്യാപിറ്റൽസിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ട്രിസ്റ്റൻ സ്റ്റബ്സിന് പകരമാണ് രാജസ്ഥാൻ സഞ്ജുവിനെ ഡൽഹിയ്ക്ക് നൽകുക. രണ്ട് ടീമുകൾക്കും ഗുണമുള്ള ഡീലാണെങ്കിലും സഞ്ജുവിന് ഇതിലൂടെ വലിയ നേട്ടമില്ല. ട്രേഡിങ് പരാജയപ്പെട്ട് സഞ്ജു മിനി ലേലത്തിൽ വന്നിരുന്നെങ്കിൽ ഒരുപക്ഷേ, ഐപിഎൽ ലേല റെക്കോർഡ് തന്നെ തകർക്കാൻ സാധിക്കുമായിരുന്നു.
നിലവിൽ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. ഡൽഹി സ്റ്റബ്സിനെ നിലനിർത്തിയതാവട്ടെ 10 കോടി രൂപയ്ക്ക്. അതുകൊണ്ട് തന്നെ ഈ ട്രേഡ് ഡീൽ സ്റ്റബ്സ് + ക്യാഷ് ആവാനാണ് സാധ്യത. 8 കോടി രൂപയുടെ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ രാജസ്ഥാൻ ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടാവും. ട്രേഡ് ഡീലിൽ സഞ്ജു ഡൽഹിയിൽ പോയാൽ അവിടെനിന്ന് ലഭിക്കുന്ന ശമ്പളവും 18 കോടി രൂപയാവും. എന്നാൽ, മിനി ലേലത്തിൽ കളി മാറും.
സഞ്ജുവിനായി നേരത്തെ ശ്രമിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളൊക്കെ ലേലത്തിൽ സർവസന്നാഹങ്ങളോടെ എത്തുമെന്നുറപ്പാണ്. കൊൽക്കത്തയും ചെന്നൈയും നിരവധി താരങ്ങളെ റിലീസ് ചെയ്ത് ആവശ്യത്തിന് പണവുമായാണ് എത്തുക. സൺറൈസേഴ്സ് ആവട്ടെ ഇഷാൻ കിഷൻ, ഹെയ്ൻറിച് ക്ലാസൻ എന്നീ വമ്പൻ താരങ്ങളെ റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. അതായത് 30 കോടി രൂപയ്ക്ക് മുകളിൽ സഞ്ജുവിനായി ഈ ടീമുകൾ മാറ്റിവെച്ചേക്കുമെന്നാണ് സൂചനകൾ. നിലവിലെ ഐപിഎൽ റെക്കോർഡ് 27 കോടി രൂപയാണ്. 2025 മെഗാ ലേലത്തിൽ ഋഷഭ് പന്തിനായി ലഖ്നൗ സൂപ്പർ ജയൻ്റ്സാണ് ഈ തുക ചിലവഴിച്ചത്.
സഞ്ജു ലേലത്തിൽ വന്നാൽ ഈ തുക തിരുത്തപ്പെടുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ട്രേഡ് ഡീൽ സഞ്ജുവിന് വ്യക്തിപരമായി നഷ്ടമാണ്.