Sanju Samson: സഞ്ജു സാംസൺ വേഗത്തിൽ കളിക്കും, പക്ഷേ സ്ഥിരത പുലർത്തണമെന്നില്ല; മുന്‍ താരത്തിന്റെ നിരീക്ഷണം
Irfan Pathan says Sanju Samson is not a consistent run-getter: സഞ്ജു സാംസണ്‍ വേഗത്തില്‍ കളിക്കുമെങ്കിലും സ്ഥിരത പുലര്‍ത്തണമെന്നില്ലെന്ന് ഇര്‍ഫാന്‍ പത്താന്‍. തിലക് വര്‍മയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പത്താന്‍ സഞ്ജുവിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവച്ചത്.
സഞ്ജു സാംസണ്‍ വേഗത്തില്‍ കളിക്കുമെങ്കിലും അദ്ദേഹം സ്ഥിരത പുലര്‍ത്തണമെന്നില്ലെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. തിലക് വര്‍മയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പത്താന്‍ സഞ്ജുവിനെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. തിലക് സ്ഥിരതയുള്ള താരമാണെന്നും, മറ്റ് ബാറ്റര്‍മാരെക്കാള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന് പ്രധാനമാണെന്നും പത്താന്‍ ചൂണ്ടിക്കാട്ടി. ഏഷ്യാ കപ്പ് ഫൈനലില്‍ തിലക് കളിച്ച രീതിയെയും പത്താന്‍ പ്രശംസിച്ചു.
പവർപ്ലേയിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ കൃത്യമായ കണക്കുകൂട്ടലുകളോടെ റിസ്ക് എടുത്തുകൊണ്ട് അദ്ദേഹം തന്റെ ഗെയിം പ്ലാനിൽ ഉറച്ചുനിന്നു. സഞ്ജു സാംസണും ശിവം ദുബെയും ഉയർന്ന റിസ്കുള്ള ഷോട്ടുകൾ കളിച്ചു. ഒടുവിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു.
“തിലകിനെപ്പോലെയുള്ള ഒരു താരം അവിടെ ഇല്ലെങ്കിൽ, ഉദാഹരണത്തിന് സഞ്ജു സാംസണെ എടുത്താൽ, അദ്ദേഹം സ്ഥിരമായി റൺസ് കണ്ടെത്തുന്ന ഒരാളല്ല. അദ്ദേഹം വേഗത്തിൽ സ്കോർ ചെയ്യുമെങ്കിലും പ്രകടനത്തിൽ സ്ഥിരത പുലർത്തിയെന്ന് വരില്ല,” പത്താന്റെ വാക്കുകള്‍.
അഭിഷേക് ശർമ്മ റിസ്കുള്ള ക്രിക്കറ്റാണ് കളിക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലിൽ അദ്ദേഹം പെട്ടെന്ന് പുറത്തായി. അതിനാൽ വലിയ ടീമുകൾ അദ്ദേഹത്തിനെതിരെ മികച്ച രീതിയിൽ പ്ലാൻ ചെയ്യും. ഇത് വിക്കറ്റ് നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പത്താന്‍ ചൂണ്ടിക്കാട്ടി.
വിരാട് കോഹ്ലി വിരമിച്ച പശ്ചാത്തലത്തില്‍ ടി20 ലോകകപ്പില്‍ തിലക് വര്‍മ മൂന്നാം നമ്പറില്‍ കളിക്കണമെന്നും പത്താന്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലാണ് മുന്‍ താരം നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. തിലക് വർമ്മ മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്തിട്ടുണ്ട്. സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാനും സെഞ്ചുറികൾ നേടാനും തിലകിന് കഴിഞ്ഞിട്ടുണ്ടെന്നും പത്താന്‍ വ്യക്തമാക്കി.
ഏഷ്യാ കപ്പ് ഫൈനലിൽ തിലക് പാകിസ്ഥാനെതിരെ അസാമാന്യമായ പ്രകടനമാണ് കാഴ്ചവച്ചത്. ആ ബാറ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യ വിജയിക്കുമായിരുന്നില്ല. ആ നിലയ്ക്ക് നോക്കുമ്പോൾ, തിലക് വർമ്മ തന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു. വിരാട് കോഹ്‌ലി കൈകാര്യം ചെയ്തിരുന്ന അതേ റോളാണ് തിലക് ഇപ്പോൾ ചെയ്യുന്നതെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
കോഹ്‌ലി ഒരു വലിയ താരമാണ്. എപ്പോഴൊക്കെ സമ്മർദ്ദം ഉണ്ടായോ, അപ്പോഴെല്ലാം അത് അതിശയിപ്പിക്കുന്ന രീതിയിൽ അദ്ദേഹം അതിജീവിച്ചു. ടി20 ലോകകപ്പിൽ ഉടനീളം റൺസ് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും, ഫൈനലിൽ അദ്ദേഹം തിളങ്ങുമെന്ന് എല്ലാവരും കരുതിയിരുന്നു. അന്ന് കോഹ്‌ലി കളിച്ച ഇന്നിംഗ്‌സ് അത്ര പ്രഹരശേഷിയുള്ളതായിരുന്നില്ല. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് അത് വളരെ നിർണ്ണായകമായിരുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ തിലക് വര്‍മയാണ് കോഹ്ലിയുടെ പകരക്കാരനെന്നാണ് പത്താന്‍ പങ്കുവയ്ക്കുന്ന നിരീക്ഷണം.