Sanju Samson: പ്രിപ്പറേഷന്‍ മോഡ് ഓണ്‍! ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ തകര്‍ക്കും; കൂടെയുണ്ട് ആ മൂന്നംഗ സംഘം
Sanju Samson Training for T20 World Cup 2026: ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പില്‍ സഞ്ജു സാംസണ്‍. ബാല്യകാല പരിശീലകന്‍ ബിജു ജോര്‍ജ്, രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറായിരുന്ന സുബിന്‍ ബറൂച്ച, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷണനിങ് കോച്ചായ എടി രാജാമണി പ്രഭു എന്നിവരോടൊപ്പം സഞ്ജു നില്‍ക്കുന്ന ചിത്രം വൈറല്‍.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കും, ലോകകപ്പിനുമുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. ടി20 ലോകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാണ് സഞ്ജു. സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യമാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇരുവരുടെയും ബാറ്റിങ് ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും. ഈ സാഹചര്യത്തില്‍ മികച്ച പരിശീലനമാണ് സഞ്ജു നടത്തുന്നത്. നേരത്തെ മുന്‍ താരം യുവരാജ് സിങ് സഞ്ജുവിന് ബാറ്റിങ് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഫോട്ടോയും ശ്രദ്ധേയമാവുകയാണ്.
സഞ്ജുവിന്റെ ബാല്യകാല പരിശീലകന്‍ ബിജു ജോര്‍ജ്, രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറായിരുന്ന സുബിന്‍ ബറൂച്ച, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷണനിങ് കോച്ചായ എടി രാജാമണി പ്രഭു എന്നിവരോടൊപ്പം സഞ്ജു നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.




എടി രാജാമണി പ്രഭു ഇന്‍സ്റ്റഗ്രാമില്‍ ഈ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. ‘പ്രിപ്പറേഷന്‍ മോഡ് ഓണ്‍’ എന്ന ക്യാപ്ഷനോടെയാണ് രാജാമണി പ്രഭു ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. തന്റെ പ്രിയപ്പെട്ട പരിശീലകര്‍ക്കൊപ്പം സഞ്ജു ട്രെയിനിങ് നടത്തുന്ന ചിത്രമാണ് ഇതെന്ന് കരുതുന്നു. സഞ്ജു സ്റ്റോറിയായും ഈ ഫോട്ടോ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, സഞ്ജുവിനെ കുറിച്ച് ബിജു ജോര്‍ജ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. സഞ്ജുവിന് പതിനൊന്ന് വയസുള്ളപ്പോഴാണ് തങ്ങള്‍ ആദ്യമായി കാണുന്നതെന്ന് ബിജു ജോര്‍ജ് പറഞ്ഞു. വലിയ സ്വപ്‌നങ്ങളും അച്ചടക്കവുമുള്ള കുട്ടിയായിരുന്നു സഞ്ജുവെന്നും അദ്ദേഹം പറഞ്ഞു. സഞ്ജുവിന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ബിജു ജോര്‍ജിന്റെ വാക്കുകള്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
Words from his coach that mean the world to Sanju 🥹💛#WhistlePodu pic.twitter.com/ub5wDNy26A
— Chennai Super Kings (@ChennaiIPL) January 12, 2026
”മഴയായാലും വെയിലായാലും സഞ്ജു 5:30 ആകുമ്പോഴേക്കും ഗ്രൗണ്ടിൽ ഉണ്ടാകും. പരിശീലനത്തിന് ശേഷം ഗ്രൗണ്ടിലെ പൊതുടാപ്പില്‍ നിന്ന് കുളിച്ച് സ്‌കൂളിലേക്ക് ഓടും. നാലു മണിക്ക് മെഡിക്കല്‍ കോളേജ് നെറ്റ്‌സിലെത്തും. ഏഴ് മണി വരെ പരിശീലിക്കും. തുടര്‍ന്ന് വീട്ടിലേക്ക് 30 കി.മീ യാത്ര. രണ്ട് ബസില്‍ യാത്ര ചെയ്ത ശേഷം വീട്ടിലേക്ക് മൂന്ന് കിലോമീറ്റര്‍ എന്നും നടക്കും. കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് സഞ്ജു സാംസൺ തെളിയിച്ചു! നിന്നെയോർത്ത് അഭിമാനിക്കുന്നു കുഞ്ഞേ!”-ബിജു ജോര്‍ജ് പറഞ്ഞു.