Syed Mushtaq Ali Trophy 2025: ഛത്തീസ്ഗഡ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് സഞ്ജു സാംസണ്‍, കേരളത്തിന് തകര്‍പ്പന്‍ ജയം
Syed Mushtaq Ali Trophy 2025 Kerala vs Chhattisgarh Match Result: സഞ്ജു സാംസണിന്റെ ബാറ്റിങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. 15 പന്തില്‍ 43 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ആദ്യ പന്തില്‍ സിക്‌സ് അടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ തുടക്കം
ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഛത്തീസ്ഗഡ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം 56 പന്തുകള്‍ ബാക്കിനില്‍ക്കെ കേരളം മറികടന്നു. സ്‌കോര്‍: ഛത്തീസ്ഗഡ്-19.5 ഓവറില്‍ 120, കേരളം-10.4 ഓവറില്‍ രണ്ട് വിക്കറ്റിന് 121.ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. 15 പന്തില്‍ 43 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ തുടക്കം. അഞ്ച് സിക്‌സറും, രണ്ട് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഛത്തീസ്ഗഡ് ബൗളര്‍ രവി കിരണെ സിക്‌സറിന് പായിക്കാനുള്ള ശ്രമം പാളിയതാണ് സഞ്ജുവിന്റെ ഔട്ടില്‍ കലാശിച്ചത്.
ഓപ്പണര്‍മാരായ സഞ്ജുവും രോഹന്‍ കുന്നുമ്മലും കേരളത്തിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റ് കൂട്ടുക്കെട്ടില്‍ ഇരുവരും 72 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 4.2 ഓവറിലാണ് ഇരുവരും 72 റണ്‍സ് കേരള സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ആദ്യം സഞ്ജുവാണ് പുറത്തായത്. തൊട്ടുപിന്നാലെ രോഹനും ഔട്ടായി. 17 പന്തില്‍ 33 റണ്‍സാണ് രോഹന്‍ നേടിയത്.
മൂന്നാം വിക്കറ്റിലെ സല്‍മാന്‍ നിസാറിന്റെയും, വിഷ്ണു വിനോദിന്റെയും അപരാജിത കൂട്ടുക്കെട്ട് കേരളത്തെ ഭദ്രമായി വിജയത്തിലെത്തിച്ചു. സല്‍മാന്‍ 18 പന്തില്‍ 16 റണ്‍സുമായും, വിഷ്ണു 14 പന്തില്‍ 22 റണ്‍സുമായും പുറത്താകാതെ നിന്നു.
മൂന്ന് വിക്കറ്റെടുത്ത കെഎം ആസിഫിന്റെയും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിഗ്നേഷ് പുത്തൂരിന്റെയും, അങ്കിത് ശര്‍മയുടെയും, ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയ ഷറഫുദ്ദീന്റെയും, എംഡി നിധീഷിന്റെയും, അബ്ദുല്‍ ബാസിത്തിന്റെയും പ്രകടനമാണ് ഛത്തീസ്ഗഡിനെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടാന്‍ കേരളത്തെ സഹായിച്ചത്. കേരളത്തിന്റെ എല്ലാ ബൗളര്‍മാരും വിക്കറ്റ് സ്വന്തമാക്കി.
37 പന്തില്‍ 41 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ അമന്‍ദീപ് ഖാരെയാണ് ഛത്തീസ്ഗഡിന്റെ ടോപ് സ്‌കോറര്‍. സഞ്ജീത് ദേശായ് 23 പന്തില്‍ 35 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആയുഷ് കാന്ത് പാണ്ഡെ-0, ശശാങ്ക് ചന്ദ്രകാര്‍-17, ശശാങ്ക് സിങ്-0, അജയ് മണ്ഡാല്‍-1, പ്രതീക് യാദവ്-4, ആനന്ദ് റാവു-3, സൗരവ് മജുംദാര്‍-3 നോട്ടൗട്ട്, രവി കിരണ്‍-1 എന്നിങ്ങനെയാണ് മറ്റ് ഛത്തീസ്ഗഡ് ബാറ്റര്‍മാരുടെ പ്രകടനം.