Shubman Gill: ശുഭ്മാന്‍ ഗില്‍ ടി20 പരമ്പരയില്‍ നിന്ന് പുറത്ത്, ‘പരിക്കെ’ന്ന് വിശദീകരണം ! സഞ്ജു ഓപ്പണറാകും?
Sanju Samson likely to return as opener as Shubman Gill ruled out : ടി20 പരമ്പരയ്ക്കുള്ള അവസാന രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ കളിക്കില്ല. കാൽവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഗില്ലിനെ ഒഴിവാക്കിയതായി ടീമുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു

Shubman Gill
ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അവസാന രണ്ട് മത്സരങ്ങളില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ കളിക്കില്ല. കാൽവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഗില്ലിനെ ഒഴിവാക്കിയതായി ടീമുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. പരിശീലനത്തിനിടെയാണ് ഗില്ലിന് പരിക്കേറ്റത്. ഗില്ലിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി തിരിച്ചെത്തിയേക്കും.
അതേസമയം, ടി20യില്‍ ഓപ്പണറെന്ന നിലയില്‍ വളരെ മോശം പ്രകടനമാണ് ഗില്‍ അടുത്തിടെ പുറത്തെടുക്കുന്നത്. ഏഷ്യാ കപ്പിലും, പിന്നീട് നടന്ന ഓസീസിനെതിരായ പരമ്പരയിലും, ഇപ്പോള്‍ പ്രോട്ടീസിനെതിരെ നടക്കുന്ന പരമ്പരയിലും ഗില്‍ പരാജയമായിരുന്നു.
രണ്ട് പന്തില്‍ നാല്, ഗോള്‍ഡന്‍ ഡക്ക്, 28 പന്തില്‍ 28 എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഗില്ലിന്റെ സംഭാവനകള്‍. അതുകൊണ്ട് തന്നെ, മോശം പ്രകടനത്തിന്റെ പേരില്‍ ഗില്ലിനെ പുറത്താക്കിയതാണോയെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ സംശയം ഉന്നയിക്കുന്നുണ്ട്.
ഗില്ലിനെ ഓപ്പണറാക്കുന്നതിന് മുമ്പ് സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാരാ. ബാറ്റിങില്‍ അഗ്രസീവ് മനോഭാവം പുലര്‍ത്തുന്ന ഇരുവരും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഗില്‍ എത്തിയതിന് ശേഷം ഇന്ത്യന്‍ ടീമിന് ഈ താളം നഷ്ടപ്പെട്ടു.
ഏഷ്യാ കപ്പ് മുതല്‍ സഞ്ജു സാംസണ്‍ മധ്യനിരയിലേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ അവസരം ലഭിച്ചതുമില്ല.
ലഖ്‌നൗവില്‍ നടക്കുന്ന നാലാം ടി20 സഞ്ജുവിന് നിര്‍ണായകമാണ്. ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ ഇനി ലഭിക്കുന്ന അവസരങ്ങളില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
മത്സരം വൈകുന്നു
അതേസമയം, കനത്ത മൂടല്‍മഞ്ഞ് കാരണം ലഖ്‌നൗവില്‍ നടക്കേണ്ട നാലാം ടി20 വൈകുകയാണ്. ടോസ് ഇടാന്‍ പോലും സാധിച്ചിട്ടില്ല. 6.30നാണ് ടോസ് നിശ്ചയിച്ചിരുന്നത്. പിന്നീട് 6.50ന് അമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചിട്ടും മത്സരം പുനഃരാരംഭിക്കാവുന്ന അവസ്ഥയായിരുന്നില്ല. 7.30നാണ് അടുത്ത ഗ്രൗണ്ട് പരിശോധന.