T20 World Cup 2026: പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ 20 ഓവറും ‘കളിക്കും’, നേടുന്നത് പൂജ്യം റണ്‍സ്; നിയമത്തിലുള്ളത് വമ്പന്‍ ട്വിസ്റ്റ്
T20 World Cup 2026 Pakistan Boycott Issue: ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പോയിന്റ് നഷ്ടത്തിലേക്ക് മാത്രമല്ല പാകിസ്ഥാനെ നയിക്കുന്നത്. ബഹിഷ്‌കരണം സൂപ്പര്‍ 8 ഘട്ടത്തിലേക്ക് കടക്കാനുള്ള പാകിസ്ഥാന്റെ സാധ്യതകളെ തകിടം മറിക്കും.

India vs Pakistan File Pic
ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പോയിന്റ് നഷ്ടത്തിലേക്ക് മാത്രമല്ല പാകിസ്ഥാനെ നയിക്കുന്നത്. മത്സരത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത് സൂപ്പര്‍ 8 ഘട്ടത്തിലേക്ക് കടക്കാനുള്ള പാകിസ്ഥാന്റെ സാധ്യതകളെ തകിടം മറിക്കും. മത്സരം ബഹിഷ്‌കരിച്ചാലും പാകിസ്ഥാന്‍ 20 ഓവറും കളിച്ചതായി കണക്കാക്കും. എന്നാല്‍ 20 ഓവറില്‍ പാകിസ്ഥാന്‍ നേടിയത് പൂജ്യം റണ്‍സായാകും പരിഗണിക്കുക.
ഐസിസി നിയമത്തിലെ ക്ലോസ് 16.10.7 പ്രകാരമാണ് ഈ രീതി അവലംബിക്കുന്നത്. അതായത് മത്സരം ബഹിഷ്‌കരിക്കുന്നതിലൂടെ പാകിസ്ഥാന്റെ റണ്‍ റേറ്റ് ഗണ്യമായി ഇടിയുമെന്ന് ഉറപ്പ്. മറ്റ് മത്സരങ്ങള്‍ ജയിച്ചാലും പാകിസ്ഥാന്റെ സാധ്യതകള്‍ക്ക് റണ്‍ റേറ്റിലെ ഈ ഇടിവ് തിരിച്ചടിയായേക്കാം.
മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുന്നതിലൂടെ സ്വഭാവികമായും ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. രണ്ട് പോയിന്റും ഇന്ത്യന്‍ ടീമിന് ലഭിക്കും. എന്നാല്‍ പോയിന്റ് ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ ടീം ‘മത്സരത്തിന്’ തയ്യാറായി ഗ്രൗണ്ടിലെത്തിയിരിക്കണം. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കൃത്യസമയത്ത് ടോസിനായി ഹാജരാവുകയും വേണം.
പാക് ക്യാപ്റ്റന്‍ സൽമാൻ അലി ആഗ ടോസിനായി എത്താതിരിക്കുമ്പോള്‍ മാച്ച് റഫറി മത്സരത്തില്‍ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കും. അതുവരെ ഇന്ത്യ നിശ്ചിത ഗ്രൗണ്ടില്‍ കാത്തിരിക്കണം. മുന്‍ നിശ്ചയിച്ചതു പോലെ ഫെബ്രുവരി 15 ലെ മത്സരത്തിനായി കൊളംബോയിലെത്താനാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനം. നേരത്തെ തീരുമാനിച്ചതുപോലെ ഇന്ത്യന്‍ ടീം പരിശീലിക്കുകയും, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും.
കൊടുത്ത് മുടിയും
ഇതിനെല്ലാം പുറമെ, കനത്ത സാമ്പത്തിക പ്രതിസന്ധിയും പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നേരിടും. ഇന്ത്യയ്‌ക്കെതിരായ മത്സരം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുന്നതിലൂടെ ജിയോസ്റ്റാർ പോലുള്ള പ്രക്ഷേപകർക്ക് പരസ്യ വരുമാനത്തിൽ ഏകദേശം 25 മില്യൺ മുതൽ 30 മില്യൺ ഡോളർ വരെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഈ നഷ്ടം പരിഹരിക്കേണ്ട ഉത്തരവാദിത്തം പാക് ക്രിക്കറ്റ് ബോര്‍ഡിനാകും. പിസിബിയുടെ വാർഷിക വരുമാന വിഹിതം ഐസിസിക്ക് തടഞ്ഞുവയ്ക്കാനും സാധ്യതയുണ്ട്. ഫലത്തില്‍, കനത്ത സാമ്പത്തിക പ്രതിസന്ധിയാകും പിസിബി നേരിടേണ്ടി വരിക.