Sanju Samson: ശ്രേയസ് ഫിറ്റ്‌നസില്‍ പരാജയപ്പെട്ടാല്‍ പകരം ആരെത്തും? സഞ്ജുവിന് സാധ്യതയുണ്ടോ
Does Sanju Samson still have a chance in the IND Vs NZ ODI series: ശ്രേയസ് അയ്യര്‍ക്ക് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍ സഞ്ജു സാംസണ്‍ പകരക്കാരനാകുമോ? ആരാധകരുടെ മനസിലുള്ള ചോദ്യമാണിത്. സഞ്ജുവിന് സാധ്യതകളുണ്ടോയെന്ന് പരിശോധിക്കാം

Sanju Samson, Shreyas Iyer
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മുക്തരായ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും, വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തി. ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ ശ്രേയസ് അയ്യരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തൂ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഗുരുതരമായി താരത്തിന് പരിക്കേറ്റിരുന്നു. നിലവില്‍ പരിക്കില്‍ നിന്ന് മുക്തനായ ശ്രേയസ് ഫിറ്റ്‌നസ് തെളിയിക്കാനുള്ള ശ്രമത്തിലാണ്.
ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍ ശ്രേയസിനെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കും. ശ്രേയസിനെ ഒഴിവാക്കിയാല്‍ പതിനഞ്ചംഗ സ്‌ക്വാഡില്‍ പകരം ഉള്‍പ്പെടുത്താന്‍ ബിസിസിഐക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലുണ്ടായിരുന്ന റുതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ എന്നിവരാണ് പ്രധാന ഓപ്ഷനുകള്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാനം നടന്ന ഏകദിനത്തില്‍ റുതുരാജ് സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഗില്ലും, ശ്രേയസും തിരിച്ചെത്തിയതോടെ താരത്തെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നു. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചുറി നേടിയ ശേഷം സഞ്ജു സാംസണ് ഏകദിനത്തില്‍ അവസരം ലഭിച്ചിട്ടില്ല. സമാന അവസ്ഥയാണ് റുതുരാജിനും.
Also Read: VHT 2026: രോഹൻ തിളങ്ങണമെങ്കിൽ സഞ്ജു വരണം: രണ്ട് പേർക്കും സെഞ്ചുറി; ഝാർഖണ്ഡിനെ എയറിലാക്കി കേരളം
ശ്രേയസിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചില്ലെങ്കില്‍, സഞ്ജുവിന് പകരം അവസരം ലഭിക്കുമോയെന്ന് സംശയിക്കുന്ന ആരാധകരുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ മിന്നും ഫോമിലാണ്. എന്നാല്‍ സമീപകാല ഏകദിന പരമ്പരകളില്‍ സഞ്ജുവിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി, കീവിസിനെതിരായ ഏകദിന പരമ്പരയില്‍ പകരക്കാരനായി പോലും താരത്തെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.
ശ്രേയസ് കളിക്കുമോ?
ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുള്ള ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ ശ്രേയസിന് മുന്നില്‍ മറ്റ് തടസങ്ങളില്ല. ശ്രേയസ് കളിക്കാന്‍ തന്നെയാണ് സാധ്യതയെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. താരം കടമ്പകളെല്ലാം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നും, ആദ്യ മത്സരം നഷ്ടപ്പെട്ടാലും, മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മറ്റ് കളികളില്‍ താരം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ ജനുവരി ആറിന് ഹിമാചല്‍ പ്രദേശിനെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി ശ്രേയസ് കളിച്ചേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ ശ്രേയസ് പുറത്തെടുക്കുന്ന കായികക്ഷമത വിലയിരുത്തിയതിനു ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നാണ് വിവരം. ശ്രേയസ് കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ റുതുരാജിനെ പരിഗണിക്കാനാണ് സാധ്യത.