Sanju Samson: സഞ്ജുവടക്കമുള്ളവര്‍ സൂക്ഷിക്കണം; ടി20 ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ അനുമതി
Sanju Samson in Focus: സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് നിര്‍ണായകമാണ് സമയപരിധി. ഫോം, ഫിറ്റ്‌നസ്, തന്ത്രപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി 31-നകം സെലക്ടര്‍മാര്‍ക്ക് സ്‌ക്വാഡില്‍ മാറ്റം വരുത്താം.
ഐസിസി ടി20 ലോകകപ്പിനുള്ള സ്‌ക്വാഡ് ഇതിനകം ഇന്ത്യയടക്കമുള്ള വിവിധ ടീമുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ നിലവിലെ സ്‌ക്വാഡ് പ്രഖ്യാപനം താല്‍ക്കാലികം മാത്രമാണ്. ജനുവരി 31 വരെ ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ക്ക് അനുമതിയുണ്ട്. സഞ്ജു സാംസണ്‍ അടക്കമുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ് പുതിയ സമയപരിധി. ഫോം, ഫിറ്റ്‌നസ്, തന്ത്രപരമായ കാരണങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി 31-നകം സെലക്ടര്‍മാര്‍ക്ക് നിലവിലെ സ്‌ക്വാഡില്‍ മാറ്റം വരുത്താം.
ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തായ ശുഭ്മാന്‍ ഗില്‍, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് നേരിയ സാധ്യതകള്‍ അവശേഷിപ്പിക്കുന്നതാണ് പുതിയ സമയപരിധി. ഈ സാഹചര്യത്തില്‍, നിലവില്‍ സ്‌ക്വാഡിലുള്ളവര്‍ക്ക് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര നിര്‍ണായകമാകും.
ഇന്ത്യ മാറ്റം വരുത്തുമോ?
ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഇന്ത്യയടക്കമുള്ള മിക്ക ടീമുകളും ഇത്തരത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാറില്ല. ഏതെങ്കിലും താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ മാത്രമാണ് സാധാരണ ടീമുകള്‍ മാറ്റം വരുത്താറുള്ളത്.
നിലവില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഏതെങ്കിലും താരം തീര്‍ത്തും നിറംമങ്ങിയാല്‍ മാത്രമാണ് നിലവിലെ സ്‌ക്വാഡില്‍ നേരിയ മാറ്റം വരുത്താന്‍ സാധ്യത അവശേഷിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡുമായി മുന്നോട്ടുപോകാനാണ് ടീം മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ നിലവിലെ സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്.
ജനുവരി 31 ന് ശേഷം
ജനുവരി 31 ന് ശേഷം സ്‌ക്വാഡില്‍ മാറ്റം വരുത്തണമെങ്കില്‍ ഐസിസിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ മാത്രമാണ് ഇത്തരം സാഹചര്യങ്ങളില്‍ അനുമതി നല്‍കാറുള്ളത്. ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. കൊളംബോയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പാകിസ്ഥാനും നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടും. രാവിലെ 11നാണ് ഈ മത്സരം.
ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസും, ബംഗ്ലാദേശും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരവും ഫെബ്രുവരി ഏഴിനാണ്. വൈകിട്ട് ഏഴിന് നടക്കുന്ന ഈ മത്സരത്തില്‍ യുഎസാണ് എതിരാളികള്‍. മുംബൈ വാങ്കഡെ സ്റ്റേഡിയം വേദിയാകും. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍.