WPL 2026: വനിതാ പ്രീമിയർ ലീഗ് നാലാം സീസൺ ഇന്ന് ആരംഭിക്കുന്നു; ‘ഹർമന്ദാന’ ക്ലാഷിലൂടെ ടൂർണമെൻ്റിന് തുടക്കം
WPL 4th Season Starts Today: വനിതാ പ്രീമിയർ ലീഗിൻ്റെ ഉദ്ഘാടന ദിവസമായ ഇന്ന് ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും. രാത്രി ഏഴരയ്ക്കാണ് മത്സരം.
വനിതാ പ്രീമിയർ ലീഗ് നാലാം സീസൺ ഇന്ന് ആരംഭിക്കുന്നു. ഹർമൻപ്രീത് കൗറിൻ്റെ മുംബൈ ഇന്ത്യൻസും സ്മൃതി മന്ദനയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുക. നവി മുംബൈയിലെ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും.
രണ്ട് തവണ ജേതാക്കളായ മുംബൈയും ഒരു തവണ കിരീടം ചൂടിയ ബെംഗളൂരുവും പരസ്പരം ഏറ്റുമുട്ടുമ്പോൾ ഒരു മികച്ച മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രണ്ട് ടീമുകളും അതിശക്തരാണ്. ലേലത്തിൽ പഴയ ടീമിനെ ഏറെക്കുറെ തിരിച്ചുപിടിക്കാൻ മുംബൈക്ക് സാധിച്ചു. യസ്തിക ഭാട്ടിയ, പൂജ വസ്ട്രക്കർ എന്നീ രണ്ട് പേരൊക്കെ ബാക്കിയെല്ലാ പ്രധാന താരങ്ങളും തിരികെയെത്തി. പൂജ ഇപ്പോൾ ബെംഗളൂരുവിലാണ്.
ഹേലി മാത്യൂസിനൊപ്പം ജി കമാലിനിയാവും മുംബൈ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. നാറ്റ് സിവർ, ഹർമൻപ്രീത് കൗർ, അമേലിയ കെർ, അമൻജോത് കൗർ, എസ് സജന, ഷബ്നിം ഇസ്മയിൽ, സായ്ക ഇഷാഖ്, സൻസ്ക്രിതി ഗുപ്ത, പൂനം ഖേംനാർ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. ബാറ്റിങ് ഹെവി ടീം ആയതിനാൽ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ രാജ്യാന്തര താരങ്ങളുടെ ക്ഷാമമുണ്ട്. നിക്കോള കാരി, മില്ലി ഇല്ലിങ്‌വേർത്ത് എന്നിവരുണ്ടെങ്കിലും ഇവരെ ടീമിൽ പരിഗണിക്കാനായി പുറത്തിരുത്താവുന്ന താരങ്ങളില്ല.
ബെംഗളൂരു നിരയിൽ സ്മൃതി മന്ദനയ്ക്കൊപ്പം ജോർജിയ വോളോ ഗ്രേസ് ഹാരിസോ ആവും ഓപ്പണിങ്. ഹാരിസ് മൂന്നാം നമ്പറിലും കളിച്ചേക്കാം. ഡയലൻ ഹേമലത, റിച്ച ഘോഷ്, നദിൻ ഡി ക്ലെർക്ക്, പൂജ വസ്ട്രാക്കർ, ശ്രേയങ്ക പാട്ടിൽ, അരുന്ധതി റെഡ്ഡി, രാധ യാദവ്, ലോറൻ ബെൽ എന്നിങ്ങനെയാവും ഫൈനൽ ഇലവൻ. മുംബൈയെ അപേക്ഷിച്ച് വളരെ ശക്തമായ ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും ബെംഗളൂരുവിനുണ്ട്.