T20 World Cup 2026: തിലക് വർമ്മയ്ക്ക് വൃഷണത്തിൽ സർജറി; ടി20 ലോകകപ്പിൽ നിന്ന് പുറത്തായേക്കുമെന്ന് ആശങ്ക
Tilak Varma Undergoes Surgery: തിലക് വർമ്മയെ അടിയന്തിര ശസ്ത്രകിയക്ക് വിധേയനാക്കി. വിജയ് ഹസാരെ ട്രോഫി മത്സരത്തിനിടയിലെ പരിക്കിനെ തുടർന്നാണ് സർജറി.
ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയായി തിലക് വർമ്മയുടെ പരിക്ക്. പരിക്കേറ്റ തിലക് വർമ്മയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. താരം ടി20 ലോകകപ്പിൽ നിന്ന് പുറത്തായേക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം, തിലക് ന്യൂസീലൻഡിനെതിരായ ഏകദിന, ടി20 പരമ്പരയിൽ കളിക്കില്ല എന്നതിൽ സ്ഥിരീകരണം വന്നിട്ടുണ്ട്.
പശ്ചിമ ബംഗാളിനെതിരെ വിജയ് ഹസാരെ ട്രോഫി മത്സരം കളിച്ചുകൊണ്ടിരിക്കെയാണ് താരത്തിന് പരിക്കേറ്റത്. അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ട താരത്തെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. രാജ്കോട്ടിലെ ആശുപത്രിയിൽ പ്രവേശിച്ച താരത്തിന് വൃഷണത്തിൽ വേദനയാണെന്ന് കണ്ടെത്തി. ഉടൻ സർജറി ചെയ്യണമെന്ന നിർദ്ദേശത്തെ തുടർന്ന് താരത്തെ അടിയന്തിര ശസ്ത്രകിയക്ക് വിധേയനാക്കുകയായിരുന്നു. ബിസിസിഐ മെഡിക്കൽ സംഘത്തിൽ നിന്നും ഇതേ നിർദ്ദേശമാണ് ലഭിച്ചത്. സർജറിക്ക് ശേഷം താരത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു.
Also Read: Virat Kohli: ഇത് വിരാട് കോലിയുടെ കുട്ടിക്കാലമാണോ?; സോഷ്യൽ മീഡിയയിൽ വൈറലായി കൊച്ചു ‘കോലി’
ടി20 ലോകകപ്പ് ടീമിലും ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനമുറപ്പിച്ചിരുന്ന താരമാണ് തിലക് വർമ്മ. ടി20 ബാറ്റർമാരുടെ ഐസിസി റാങ്കിംഗിൽ മൂന്നാം സ്ഥാനത്താണ് താരം. താരം പുറത്തായത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാണ്. തിലക് പരിക്കേറ്റ സാഹചര്യത്തിൽ പകരം താരങ്ങൾ പരിഗണനയിലുണ്ട്. ശുഭ്മൻ ഗില്ലിനെ പരിഗണിക്കില്ലെന്നാണ് വിവരം. നിലവിലെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ടീമിൽ ഉൾപ്പെടുകയും കളിക്കാതിരിക്കുകയും ചെയ്യുന്നത് വിചിത്രമാണെന്ന് സെലക്ടർമാർ കരുതുന്നു. ഇഷാൻ കിഷനെ നാലാം നമ്പറിൽ പരീക്ഷിച്ചേക്കാൻ സാധ്യതയുണ്ട്. ശ്രേയാസ് അയ്യരെയും ടീമിൽ പരിഗണിച്ചേക്കാം.
ന്യൂസീലൻഡിനെതിരായ ടി20 പരമ്പര കളിച്ചില്ലെങ്കിലും ലോകകപ്പിന് മുൻപ് താരം പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ താരം ടീമിൽ തിരികെയെത്തും.